കണ്ണൂര്‍ ജില്ലയിലെ പുത്തൂര്‍ വില്ലേജില്‍ ചെണ്ടയാട്ട് ദേശത്തെ ഒരു മുത്തപ്പന്‍ ക്ഷേത്രമാണ് അമ്പിടാട്ട് ശ്രീ മുത്തപ്പന്‍ മടപ്പുര. പറശ്ശിനിക്കടവില്‍നിന്നും മുത്തപ്പന്‍ അമ്പെയ്ത് രൂപം കൊണ്ടതാണ് അത് എന്ന് ഒരു ഐതിഹ്യമണ്ട്. അതുകൊണ്ടാണ് അമ്പിടാട്ട് മടപ്പുര എന്ന പേരുവന്നത്. മുത്തപ്പന്‍റെ സന്തത സഹചാരിയായിരുന്നു നായ. അതുകൊണ്ട് നായകള്‍ക്ക് അവിടെ പ്രത്യേക സ്ഥാനമുണ്ട്. പണ്ട് അവിടെ യാഗങ്ങളും ഹോമങ്ങളുമൊക്കെ നടന്നിരുന്നു. ഏകദേശം 70 സെന്‍റോളം സ്ഥലമുള്ള അവിടെ വലിയ മരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അതിനു നടുവിലായാണ് ക്ഷേത്രം നിലകൊള്ളുന്നത്.
ദിവസേന ഒരുപാട് ഭക്തന്മാര്‍ അമ്പിടാട്ടില്‍ തൊഴാന്‍ വരുന്നുണ്ട്. മുത്തപ്പന്‍റെ ഇഷ്ടനിവേദ്യം പയങ്കുറ്റി എന്ന പേരില്‍ അറിയപ്പെടുന്നു. അവില്‍, തേങ്ങാപൂള്‍, ഉണക്കമീന്‍ എന്നിവയാണ് അതിലുണ്ടാവുക. ദിവസവും പയങ്കുറ്റി ഉണ്ടാകാറുണ്ട്. ഞായറാഴ്ചകളില്‍ കോവിലിനുള്ളിലാണ് പയങ്കുറ്റി. മറ്റു ദിവസങ്ങളില്‍ തിരുമുറ്റത്തും. ഉള്ളില്‍ പയങ്കുറ്റിവയ്ക്കുന്ന ദിവസങ്ങളില്‍ ഉണക്കമീന്‍ ഉണ്ടാകില്ല. ഒരുപാട് ഭക്തന്മാര്‍ ആ തിരുനടയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്താറുണ്ട്. കുംഭ മാസത്തിലാണ് അവിടുത്തെ ഉത്സവം. നാലു ദിവസങ്ങളിലായി ഉല്‍സവം നടത്താറുണ്ട്. എല്ലാ മാസവും മുത്തപ്പന്‍റെയും ഭഗവതിയുടെയും നേര്‍ച്ച തിറയും ഉണ്ടാവാറുണ്ട്, ഉത്സവ സമയത്ത് സ്റ്റേജ് പരിപാടികളും ഉണ്ടാകും. ഘോഷയാത്ര, കലശം എന്നിവ ദേവന് വേണ്ടിയുള്ള പ്രാര്‍ഥനകളാണ്. ചില വര്‍ഷങ്ങളില്‍ ഘോഷയാത്രയില്‍ ആനയും ഉണ്ടാവാറുണ്ട്. നാടിന്‍റെ പല ഭാഗങ്ങളില്‍നിന്നും ഘോഷയാത്രകളും ഭക്തജനങ്ങളും അവിടെ എത്തിച്ചേരും.
അമ്പിടാട്ട് മടപ്പുരയിലെ ഒരു നായയാണ് ജഗ്ഗു. അവന്‍ ആരെയും ഉപദ്രവിക്കില്ല. എപ്പോഴും ചുറ്റിപ്പറ്റി ആ പരിസരത്തുതന്നെ ഉണ്ടാകും. ഞാന്‍ അധിക ദിവസങ്ങളിലും ക്ഷേത്രത്തില്‍ പോവാറുണ്ട്. ജഗ്ഗു എന്നെ കാണുമ്പോള്‍ അടുത്ത് ഓടിവന്ന് സ്നേഹം പ്രകടിപ്പിക്കാറുണ്ട്. അവന്‍റെ മുഖത്ത് നോക്കിയാല്‍ അവന് എന്തോ പറയാനുള്ളത് പോലെ തോന്നും. ഞാന്‍ ക്ഷേത്രം വലം വയ്ക്കുമ്പോള്‍ എന്‍റെ പിന്നാലെ ജഗ്ഗുവും ഉണ്ടാവും. വേറെ ആള്‍ക്കാര്‍ ഉണ്ടെങ്കില്‍ ജഗ്ഗു തിരുമുറ്റത്ത് നടന്നു കളിക്കുന്നുണ്ടാവും. മുത്തപ്പന്‍റെ പ്രധാന നിവേദ്യമാണ് പയങ്കുറ്റി എന്ന് പറഞ്ഞല്ലോ. പയങ്കുറ്റി മടക്കാന്‍ നേരം നായയ്ക്കുള്ളതെന്ന് സങ്കല്‍പിച്ച് പൂജ ചെയ്യുന്ന രാഘവേട്ടന്‍ ഒരു ഇലയില്‍ ഇട്ടാല്‍ ജഗ്ഗു ഓടി വന്ന് തിന്നും. എനിക്ക് പ്രസാദം കിട്ടിയാല്‍ എന്‍റെ പങ്ക് ഞാന്‍ അവന് കൊടുക്കും.
ചില ദിവസങ്ങളില്‍ ക്ഷേത്രത്തിനടുത്തുള്ള ഒരു കടയുടെ മുന്നില്‍ ജഗ്ഗു ഇരിക്കുന്നുണ്ടാവും. ഞാന്‍ സ്കൂട്ടിയില്‍ വരുന്നത് കണ്ടാല്‍ അവന്‍ എന്‍റെ വണ്ടിയുടെ പിന്നാലെ ഓടും. ഞാന്‍ അവന് ആ കടയില്‍ നിന്നും തിന്നാന്‍ എന്തെങ്കിലും വാങ്ങിച്ചു കൊടുക്കും. ചില ദിവസങ്ങളില്‍ അവന്‍ എന്‍റെ വീട്ടില്‍ വരും. വന്നാല്‍ എന്‍റെ അമ്മ അവന് വയറുനിറയെ ചോറ് കൊടുക്കും. എന്‍റെ വീട്ടില്‍ വേറെ ഒരു നായയുണ്ട്, ടോമി. ജഗ്ഗു വരുന്നത് അവന് വലിയ ഇഷ്ടമൊന്നുമില്ല. അവര്‍ തമ്മില്‍ കടിപിടി കൂടാതിരിക്കാന്‍ രണ്ടുപേര്‍ക്കും അമ്മ രണ്ട് ഭാഗത്തായി ഭക്ഷണം വിളമ്പിവയ്ക്കും. ടോമിക്ക് അച്ഛനെ പേടിയാണ്. അതുകൊണ്ട് ജഗ്ഗുവിനെ കണ്ടാല്‍ അവന്‍ കോപം അടക്കിവയ്ക്കും.
ദിവസങ്ങള്‍ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു. അതിനിടെ എന്‍റെ ഭര്‍ത്താവ് ഷിനു ഏട്ടന് ഒരു ഓപ്പറേഷന്‍ ആവശ്യമായിവന്നു. അതിനാല്‍ എനിക്ക് കുറച്ചുദിവസം ഹോസ്പിറ്റലില്‍ നില്‍ക്കേണ്ടിവന്നു. കുറച്ചു ദിവസം കഴിഞ്ഞു ഞാന്‍ തിരിച്ചു വന്നപ്പോള്‍ ജഗ്ഗുവിനെ കാണുന്നില്ല. അവന്‍ എവിടെയെങ്കിലും ഉണ്ടാവും എന്ന് ഞാന്‍ കരുതി. അങ്ങനെയിരിക്കെ എന്‍റെ സുഹൃത്തായ ശ്രീഷ്മയില്‍ നിന്നും വേദനിപ്പിക്കുന്ന ആ വാര്‍ത്ത ഞാന്‍ അറിഞ്ഞു; ജഗ്ഗുവിനെ നായക്കൂട്ടങ്ങള്‍ കടിച്ചുകൊന്നു! ആ വാര്‍ത്ത എന്നെ വല്ലാതെ വേദനിപ്പിച്ചു.
ഇന്ന് അമ്പിടാട്ടില്‍ പയങ്കുറ്റി വച്ചാല്‍ നായയ്ക്ക് നീക്കിവെക്കുന്നത് തിന്നാന്‍ അവനില്ല. ജഗ്ഗുവിന് എവിടെ പോയാലും ഭക്ഷണം കിട്ടും. പക്ഷേ, അവന്‍ അവന് തൃപ്തിയുള്ളിടത്തു നിന്നേ കഴിക്കൂ എന്ന് അമ്പിടാട്ട് അടിച്ചു തളിച്ചു വൃത്തിയാക്കുന്ന മാതു ഏടത്തി എന്നോട് പറഞ്ഞിട്ടുണ്ട്. ജഗ്ഗു എന്നെന്നേക്കുമായി വിട്ടുപോയി എന്നറിഞ്ഞിട്ടും യാത്രകളില്‍ എന്‍റെ കണ്ണുകള്‍ അവനെ തെരഞ്ഞുകൊണ്ടേയിരിക്കും.