വിലങ്ങ്

ഷൈനി കെ.പി


ഈ യാത്രയിൽ പൊട്ടിത്തെറിക്കാൻ തോന്നിയ നേരങ്ങളിൽ
വിലങ്ങുകളണിഞ്ഞതെന്റെ
കരങ്ങൾക്കോ
കലങ്ങിമറിഞ്ഞതെൻചിന്തകളിലെന്നതും പരമാർത്ഥം,

അനന്ത വിഹായസ്സിലേക്ക്‌ പറന്നുയരാൻ മനസ്സുവെമ്പുന്ന നേരങ്ങളിൽ
കടിഞ്ഞാൺ തീർത്തതെന്റെ
മോഹങ്ങൾക്കോ,

നയന മനോഹരമായ കാഴ്ച്ചകൾക്ക് മുന്നിൽ മയങ്ങി വീഴാതിരിക്കുവാൻ
ലക്ഷ്മണരേഖകൾ തീർത്തതെന്റെ വീഥികളിൽ,

തിരമാലകൾക്കപ്പുറം
ചിന്തകൾ മിന്നിമായുന്ന
നേരങ്ങളിൽ പലതും ചോദ്യ
ചിഹ്നങ്ങൾ മാത്രമായിടുന്നു.

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടിയുള്ള യാത്രയിൽ,

കൊതിച്ചതൊന്നും നേടിടാതെ
വിധിച്ചതിലൂടുള്ള പ്രയാണം
മാത്രമോ ഓരോ ജീവിതങ്ങൾ.


FacebookWhatsApp