അവളുടെ നൊമ്പരങ്ങൾ

ജസ്ന അബ്ദുൾ സത്താർ


അവൾക്ക് മരണഭയം നന്നായി ഉണ്ടായിരുന്നു. എങ്കിലും  മനസ്സിനെ അതിനായി പാകപ്പെടുത്തി. അവളിലെ നൊമ്പരങ്ങൾ അതിനേക്കാൾ വലുതായിരുന്നു. അത് കൊണ്ട് തന്നെ അവൾ മരിക്കാൻ തയ്യാറെടുത്തു.

എങ്ങനെ മരിക്കണം എന്നായിരുന്നു പിന്നീടങ്ങോട്ട് അവളുടെ ചിന്ത മുഴുവൻ. അവസാനം അവൾ ഒരു മാർഗ്ഗം കണ്ടെത്തി. ഫാനിൽ  കുരുക്കിട്ട് തൂങ്ങാമെന്ന്.

അവൾ ആരും കാണാതെ അമ്മയുടെ മുറിയിൽ പോയി പഴയ ഒരു സാരി കൈയ്യിലെടുത്ത്  സ്വന്തം മുറിയിലേക്ക് വന്ന് കതകടച്ചു.

സ്റ്റൂളെടുത്ത് കട്ടിലിൽ വെച്ച് കയറാൻ നോക്കി അവളുടെ വയ്യാത്ത കാല് കാരണം അതിന് കഴിഞ്ഞില്ല. സങ്കടവും ദേഷ്യവും അവൾക്കൊരുമിച്ചു വന്നു. വേറെ മാർഗം തിരഞ്ഞു ജനലരികിലേക്ക് നടക്കുമ്പോഴാണ്   അവളെ അമ്മ കതകിൽ തട്ടി വിളിച്ചത്. ഉടനെ ആ ശ്രമം ഉപേക്ഷിച്ച് അവൾ കതക് തുറന്ന് പുറത്തേക്കിറങ്ങി.

” നിന്നെ എത്ര നേരമായി വിളിക്കുന്നു. ഡീ… വർഷേ കുടത്തിൽ വെള്ളം നിറക്കണം. നീ കതകടച്ച് ഇവിടെ എന്തെടുക്കുകയാ? ഇവിടുത്തെ ജോലി തീർക്കാൻ നോക്ക്. “

അമ്മയുടെ ശകാരം കേട്ട് കൊണ്ട് തന്നെ അവൾ കുടവും എടുത്ത് കിണറ്റിൻ കരയിലേക്ക് കാല് വേച്ചു നടന്നു. മിഴികൾ നിറഞ്ഞു തുളുമ്പി.

” എടീ…അസത്തേ. നിനക്ക് ആ ചൂലെടുത്ത് ഈ മുറ്റമൊക്കെ ഒന്ന് തൂത്ത് വാരിക്കൂടെ. ഇവിടെ ശരീരമനങ്ങാതെ തിന്ന് കൊഴുത്ത് നടക്കുവല്ലേ. അതെങ്ങനാ അനുസരണ ശീലം ഉണ്ടെങ്കിലല്ലേ.”  അവളുടെ മുത്തശ്ശി വരാന്തയിൽ നിന്നും അവളെ നോക്കി വിളിച്ചു പറഞ്ഞു.

” ഞാനീ വെള്ളം കോരുന്നതൊന്നും മുത്തശ്ശി കാണുന്നില്ലേ?  അത് കഴിഞ്ഞ് ഞാൻ തൂത്ത് വാരിക്കോളാം. എനിക്ക് പത്ത് കൈയ്യൊന്നുമില്ല. എല്ലാം
ഒരുമിച്ച് ചെയ്യാൻ. ” അവൾ സങ്കടത്തോടെ പറഞ്ഞു.

” എന്തെങ്കിലും പറഞ്ഞാലുടനെ ഉടനെ തർക്കുത്തരം പറഞ്ഞോളും അഹങ്കാരി. അതെങ്ങനാ, നിന്റെ തലവട്ടം കണ്ടപ്പോൾ തുടങ്ങിയ കഷ്ടകാലമല്ലേ. നിന്റെ അമ്മ വാസന്തിയെ  പറഞ്ഞാ മതി അവളല്ലേ നിന്നെപെറ്റിട്ടത്.”

” എല്ലാവരും എന്നെ എപ്പോഴും എന്തിനാ ഇങ്ങനെ ശകാരിക്കുന്നത്. ഞാൻ എന്ത് ചെയ്താലും കുറ്റം മാത്രം പറയുന്നതെന്തിനാ. എന്റെ കാലിന് വയ്യാതായിട്ടും എല്ലാ ജോലിയും ഞാൻ തന്നെ ചെയ്യുന്നില്ലേ. എന്നിട്ടൊരു നല്ല വാക്ക്പോലും പറയുന്നില്ലല്ലോ. എപ്പോഴും…എന്നെ…”  ചുണ്ട് വിറച്ച് ശബ്ദം തൊണ്ടക്കുഴിയിൽ തങ്ങി വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയാതെ   അവൾ സങ്കടം കടിച്ചിറക്കി.

അമ്മയും മുത്തശ്ശിയും എന്ത് ചെയ്തു കൊടുത്താലും വഴക്ക് പറയും. ഞാൻ ജനിച്ചപ്പോൾ മുതലാണത്രേ അവർക്ക് കഷ്ടകാലം  തുടങ്ങിയതെന്നാ പറയുന്നത്. ജന്മനാ  ഒരുകാല് മുടന്തും വലതുകൈ ചെറിയ വളവുമുണ്ട്. എനിക്ക് ദൈവം തന്ന വിധിയല്ലേ ഈ വൈകല്യങ്ങൾ. ഞാൻ എന്ത് പിഴച്ചു. അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങി.

ഉള്ളതെല്ലാം വിറ്റു പെറുക്കിയാണത്രേ അതിനു ചികിത്സിച്ചത്. എന്നിട്ടും നേരെയാക്കാൻ പറ്റിയില്ല. എല്ലാം മുടിക്കാനായിട്ടുള്ള ഒരു സന്തതി ആയോണ്ട്   അച്ഛനും കണ്ടുകൂട.  എല്ലാം കൊണ്ടും ഒരു പാഴ് ജന്മം. ഒരോന്നോർത്തതും അവൾ വിതുമ്പി കരഞ്ഞു പോയി.

കുഞ്ഞായിരുന്നപ്പോൾ എന്നോട് എല്ലാവർക്കും വലിയ  സ്നേഹമായിരുന്നു.  ഞാൻ വളരുന്നതിനനുസരിച്ച് എന്റെ വൈകല്യങ്ങൾ പ്രകടമാകാൻ തുടങ്ങിയപ്പോൾ ആ സ്നേഹം കുറഞ്ഞു കുറഞ്ഞു വന്നു. വല്ലപ്പോഴും മാത്രം വീട്ടിൽ കുടിച്ചു വരുന്ന അച്ഛൻ മുഴുക്കുടിയനായ് മാറി. ജോലിക്ക് പോകാതെ വീട്ടിൽ തന്നെയിരിപ്പായി. അതിന്റെ പേരിൽ അമ്മയും അച്ഛനും നിരന്തരം വഴക്കും പതിവായി. അത് കാണുമ്പോൾ നിന്റെ  വൈകല്യങ്ങൾ കണ്ടാണ് അച്ഛൻ കുടിച്ചു വരുന്നതെന്ന് പറഞ്ഞ് മുത്തശ്ശി എന്നെ പ്രാകാൻ തുടങ്ങും.

വീട് ദാരിദ്ര്യത്തിൽ കൂപ്പുകുത്തിത്തുടങ്ങിയപ്പോൾ ഇങ്ങനെയാകാൻ കാരണം എന്റെ ജന്മദോഷമാണെന്ന് പറഞ്ഞ് അതും എന്റെ മേൽ പഴിചാരി ശകാരിക്കാൻ തുടങ്ങി.  നിസ്സഹായായി കേട്ട് നിൽക്കാൻ മാത്രമേ എന്നെക്കൊണ്ട് പറ്റുമായിരുന്നുള്ളൂ.

അമ്മ വീണ്ടും ഗർഭിണിയായപ്പോൾ ഇളയകുട്ടിക്കും എന്റേത് പോലുള്ള വൈകല്യങ്ങൾ ഉണ്ടാവുമോയെന്ന് എല്ലാവരും ഭയന്നു. ഭാഗ്യമെന്ന് പറയട്ടെ അവൾക്ക്  യാതൊരു കുഴപ്പവുമില്ല. അവളെ സ്നേഹംകൊണ്ട് പൊതിയുമ്പോഴും   എന്നോടുള്ള  അകൽച്ചയും  വെറുപ്പും മുന്നിട്ട് നിന്നു. അതോടെ എന്റെ ജീവിതം ദുസ്സഹമായി. മാനസ്സികമായി ആകെ തകർന്ന്  ജീവിതം തന്നെ വെറുത്തു തുടങ്ങി.

തുടർന്ന് പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും വീട്ടുകാരുടെ ശാപവാക്കുകൾ ഭയന്ന് ആഗ്രഹങ്ങളൊക്കെ ഉള്ളിലൊതുക്കി. ആർക്കും ഒരു ഭാരമാകരുതെന്ന് ആഗ്രഹിച്ചു. എല്ലാവരുടേയും അവഗണനയിലും വെറുപ്പിലും വെന്തുരുകുമ്പോഴും എല്ലാ ദുഖവും ദൈവത്തിൽ അർപ്പിച്ച്  പുറമേ ചിരിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.

നല്ല നല്ല വിവാഹാലോചനകൾ വന്നിട്ടും എന്റെ കുറവുകൾ കാരണം  മുടങ്ങുമ്പോൾ എല്ലാവരുടെയും കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും എന്റെ മേൽ ചൊരിഞ്ഞു. ഞാൻ ശാപം കിട്ടിയ ജന്മമായത് കൊണ്ടാണത്രേ ഒക്കെയും മുടങ്ങിപ്പോകുന്നത്.

ഞാനെന്ന ഭാരം ഒഴിഞ്ഞിട്ട് വേണം എന്റെ ഇളയവളുടേത് നടത്താൻ. അവളെക്കണ്ട് ഇഷ്ടപ്പെട്ട് നല്ലൊരു കുടുംബം ആലോചനയുമായി വന്നിരിക്കുന്നു. അപ്പോൾ തുടങ്ങിയതാ എനിക്ക് ചെറുക്കനെ
നോക്കാൻ. മൂത്തയാളിരിക്കുമ്പോൾ ഇളയതിനെ കെട്ടിച്ചു വിടാൻ കഴിയില്ലെന്ന്. അത് നാട്ടുനടപ്പല്ലെന്ന് അത് മാത്രവുമല്ല കുടുംബത്തിനും കുറവുകേടാണെന്ന്.

സ്വയം ഭാരം ഒഴിവാക്കിയാൽ ഇവർക്കെല്ലാം സമാധാനമാവുമല്ലോന്ന് കരുതിയാ  മരണഭയമില്ലാതെ ജീവനൊടുക്കാൻ ശ്രമിച്ചത്. അതിനും എന്നെക്കൊണ്ട് പറ്റില്ല. ഒന്നിനും കഴിയാത്ത പാഴ് ജന്മം.

” എടീ… വർഷേ.എത്ര സമയമായി വിളിക്കുന്നു. ഈ പെണ്ണ്. എടീ… നിന്നെയാ വിളിക്കുന്നെ. ഈ പെണ്ണ് എപ്പോഴും ചിന്തയിലാ. ” വാസന്തി അവളെ ചുമലിൽ തട്ടിവിളിച്ചു.

”  ഈ കുളക്കടവിൽ വന്ന് നീയെന്താ ആലോചിച്ച് കൂട്ടുന്നേ. ”  വാസന്തി പിറുപിറുത്തു.

അമ്മയുടെ വിളി കേട്ടതും അവൾ ഞെട്ടിപിടഞ്ഞു എഴുന്നേറ്റു. അപ്പോഴാണ് അവൾ ഇത്രയും നേരം കരയുകയാണെന്ന് ബോധ്യമായത്. അവൾ അമ്മ കാണാതെ മുഖം കൈകൊണ്ട് തുടച്ച് ചുണ്ടിൽ ഒരു പുഞ്ചിരി  വരുത്തി.

” ഇന്ന് വൈകിട്ട് ഒരു കൂട്ടർ നിന്നെ കാണാൻ വരും പോയി ഒരുങ്ങി നിൽക്ക്. ഇതെങ്കിലും ഒന്ന് നടന്നാൽ മതിയായിരുന്നു. അവനും നിന്നെപ്പോലെ കുറവുള്ളവനാ. അത് കൊണ്ട് ഇത് ചിലപ്പോൾ ഉറപ്പായും നടക്കും. ” അവളോട് പറഞ്ഞിട്ട് അമ്മ നെടുവീർപ്പിട്ടു കൊണ്ട് നടന്നു പോകുന്നത് അവൾ നിർവികാരതയോടെ നോക്കി നിന്നു.

വൈകുന്നേരത്തോടെ  പ്രായമുള്ളൊരാളും കൂടെ ഒരു ചെറുപ്പക്കാരനും വന്നു. ഞാൻ ചായ കോടുത്തപ്പോൾ അത് വാങ്ങിക്കൊണ്ട് പ്രായമുള്ളയാൾ അവന്റെ അമ്മാവനാണെന്ന് പറഞ്ഞു പരിചയപ്പെടുത്തി.

എന്നിട്ട് ചെറുപ്പക്കാരനെ നോക്കി കണ്ണുകൾ കൊണ്ട് എന്തോ ആംഗ്യം കാണിച്ചു. തിരിച്ചു അവൻ പുഞ്ചിരിയോടെ പുരികം പൊക്കി കണ്ണ് ചിമ്മി തുറന്ന് തലയാട്ടി.

എനിക്ക് അവരെന്താ ചെയ്യുന്നതെന്നു പെട്ടെന്ന് മനസ്സിലാക്കാൻ പറ്റിയില്ല. ഞാൻ അന്തം വിട്ടു നിൽക്കുന്നത് കണ്ടിട്ടാവണം  അമ്മാവൻ എന്നോട് പറഞ്ഞു .” മോളേ… അവന് നിന്നെ ഇഷ്ടായീന്നാ പറഞ്ഞേ.
അവന്റെ കാര്യങ്ങളൊക്കെ നിന്റെ അച്ഛനും അമ്മയും പറഞ്ഞില്ലേ.” അവൾ ഇല്ലെന്ന് വിലങ്ങനെ തലയാട്ടി.

അപ്പോൾ ചെറുപ്പക്കാരൻ അമ്മാവനോട്  എന്നോട് പറയാൻ കണ്ണുകൾ  കൊണ്ട് നിർദേശം കൊടുക്കുന്നത് പോലെ തോന്നി.

” ഇവന് കേൾവി ശക്തിയും സംസാരിക്കാനുള്ള കഴിവുമില്ല. എന്നാലും അവൻ നിന്നെ നന്നായി നോക്കും. ചെറിയൊരു കട നടത്തുന്നുണ്ട്. ഇനി മോളുടെ അഭിപ്രായം പറഞ്ഞാൽ മതി. അവന് നിന്നോട് ചോദിക്കാൻ കഴിയില്ലല്ലോ. അതാ അവൻ ചോദിക്കാൻ എന്നെ ഏൽപിച്ചേക്കുന്നെ. മോള് എന്തായാലും തുറന്നു പറഞ്ഞോളൂ.”

അയാളെ ഇഷ്ടമല്ലാന്ന് പറയാനും അവഗണിക്കാനും   ഇയാളെക്കാളും എനിക്കെന്ത് യോഗ്യതയാണുള്ളത്.

ഇത്രയും കാലം ശകാരവും പഴിയും കേട്ട് എന്റെ കാത് കൊട്ടിയടക്കപ്പെട്ടില്ലേ. വായാടിയെന്നും അഹങ്കാരിയെന്നുമുള്ള വിശേഷണങ്ങൾ കാരണം പറയാനുള്ളതൊക്കെ തൊണ്ടക്കുഴിയിൽ തന്നെ വിഴുങ്ങിക്കെട്ടിയില്ലേ.
അപ്പോൾ ഞാനും ഇയാളെപ്പോലെ  മൂകയും ബധിരയുമായല്ലേ  ഇത്രയും നാളും ഇവിടെ താമസിച്ചത്. അപ്പോൾ കുറവുകളെല്ലാം ഇയാളെക്കാളും എനിക്കാണ് കൂടുതൽ. എന്ത് കൊണ്ടും എന്നേക്കാൾ യോഗ്യനാണ് ഇദ്ദേഹം.

ഇയാളും എന്നെപ്പോലെ പലരുടെയും അവഗണനയും പരിഹാസവും നേരിട്ടിട്ടുണ്ടാകും. അതായിരിക്കും നേരിട്ട് തന്നെ സമ്മതം കേൾക്കാൻ ചോദിക്കുന്നത്.

അവളൊന്നും പറയാത്തകാരണം ചെറുക്കനും അമ്മാവനും അവളുടെ മുഖത്തേക്ക് ആകുലതകളോടെ നോക്കുന്നുണ്ടായിരുന്നു.

” എനിക്ക് ഈ വിവാഹത്തിന് പൂർണ്ണസമ്മതമാണ്. ” അവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞ്  കാൽ  ഞൊണ്ടികൊണ്ട്  അകത്തേക്ക്  കയറി പോയി.

അവർ നടന്നു മറയുന്നത് വരെ അവൾ ജനലരികിൽ  നോക്കിയിരിപ്പുണ്ടായിരുന്നു. മരണത്തെക്കുറിച്ച് ഓർക്കാതെ ഇനിയെങ്കിലും തന്റെ ജീവിതത്തിൽ സന്തോഷത്തിന്റെ തിരയിളക്കം ഉണ്ടാവുമെന്ന പ്രതീക്ഷയിൽ.


FacebookWhatsApp