അതിജീവനത്തിൻ്റെ പടവുകളിൽ

ശോഭന കെ.എം

അതിജീവനത്തിൻ്റെ പടവുകളിൽ
വഴു വഴുപ്പിൻ്റെ പായലുകളുണ്ടാകാം
ആത്മവിശ്വാസത്തിൻ്റെ തായ് വേരുകളിൽ
മുറുകെ പിടിച്ചു മുന്നേറാം നമുക്ക്
അതിജീവനത്തിൻ്റെ കാട്ടു പാതകളിൽ
വിഷസർപ്പങ്ങളുടെ ചീറ്റലും സീല്ക്കാരവുമുണ്ടാകാം

ആത്മവീര്യത്തിൻ്റെ ചുവടുകളൂന്നി
പതറാതെ നീങ്ങാം നമുക്ക്
അതിജീവനത്തിൻ്റെ അലയാഴിയിൽ
രാക്ഷസത്തി രകളും വൻ
ചുഴികളുമുണ്ടാകാം
ഉൾക്കരുത്തിൻ്റെ തളരാത്ത ചിറകേറി
നീന്തിക്കരയേറാം നമുക്ക്….

അതിജീവനത്തിൻ്റെ അഗ്നികുണ്ഡത്തിൽ
ഈയാംപാറ്റകളാകാതെ
ക്ഷമയോടെ ,കരുതലോടെ
കാത്തിരിക്കാം നമുക്ക്
ഈ ഘോരാഗ്നി കെട്ടടങ്ങുവോളം….
ഒടുവിൽ ഉയിർത്തെഴുന്നേല്ക്കാം നമുക്ക്
ഫീനിക്സ് പക്ഷിയെ പോലെ…


FacebookWhatsApp