നൊമ്പരം

തങ്കം നായർ

ഞാനൊരു കാവൽക്കാരൻ യന്ത്രത്തിൻ കാവൽക്കാരൻ
ചലിക്കും യന്ത്രത്തൻ ഭ്രമണത്തെ നിയന്ത്രിക്കുമൊരജ്ഞാതൻ
ഒരു പാവയെപ്പോൽ ഞാനായന്ത്രത്തിൻ മുന്നിലിരിക്കുന്നു
ഒരു ഭൂതത്തെപോൽ ഞാനായന്ത്രത്തെ കാത്തുരക്ഷിക്കുന്നു

താപമദുമാപിനികൾതൻ സൂചിതൻ വ്യതിയാനങ്ങൾ
എൻ നയനങ്ങളെ ചലനോത്സുകരാക്കുമ്പോൾ
യന്ത്രത്തിൻ ഹുങ്കാരത്തിലാമഗ്‌നമാകുമെൻ കർണ്ണങ്ങൾ
നവജാതയാം പൈതൽതൻ ചലനത്തെ പാർക്കുമൊരമ്മപോൽ
അക്കുഞ്ഞിന്നിംഗിതങ്ങൾ പറയാതറിയുന്നപോൽ
അറിയുന്നു ഞനെന്നെന്ത്രത്തിൻ മിടിപ്പുകൾ

ഇന്ധനത്തിന്നേറ്റക്കുറിച്ചിലും ജലത്തിന്നഭാവവും
അറിയുമ്പോഴെൻ കരങ്ങൾ നീളുന്നു അവയേകനായി
തിരിയുന്നു ചക്രങ്ങൾ, തുറക്കുന്നു വാതായനങ്ങൾ
എന്നെന്ത്രമപ്പൊൾ ചലിക്കുന്നു എന്നെ
പറക്കുമെൻ ചിന്തകളെത്തും നിന്നരികത്തായീ
മുന്നിലാമാപിനികളിൽ ദർശിക്കും നിൻ വദനം

ചലിക്കും നിൻ നേത്രങ്ങളായ്  മാറുമാസൂചിതന്നഗ്രങ്ങൾ
യന്ത്രത്തിൻ ഹുങ്കാരം നിൻ നെടുവീർപ്പുകളായ് മാറുന്നു
ചലിക്കുമാ ചെംവെളിച്ചം വിറയാർന്ന നിൻ ചുണ്ടുകൾ
തപിക്കുമാ ലോഹതലങ്ങൾ നിന്നരുണാഭമാംമേനിയോ
വമിക്കുമാ ധൂമപടലം പറക്കും നിൻ കാർകൂന്തലൊ ?

എൻ ചിന്തകൾ നിന്നിലാമഗ്നനായ് വിലസുമ്പോൾ
ശ്രവിക്കുന്നു മണിനാദം വിശക്കുമൊരു കുഞ്ഞിൻ കരച്ചിൽ പോൽ
മടങ്ങട്ടെ എന്നോമനെ ! ഏന്നെന്ത്രത്തിൻ ചാരത്തേക്കായ്
ആ മണിനാദത്തിൻ കാര്യമൊന്നു തിരക്കട്ടെ


FacebookWhatsApp