അടുക്കള വൈദ്യം

തങ്കം നായർ

തൊടിയിൽ നമ്മുക്ക് ചുറ്റും വളരുന്ന പല സസ്യങ്ങളും, ചെറിയ രോഗങ്ങൾക്കുള്ള ഉത്തമ, പാർശ്വഫലങ്ങളില്ലാത്ത മരുന്നുകളാണ് എന്ന വാസ്തവമറിയാതെ, പരിഗണിക്കാതെ, വിലകൂടിയ മരുന്നുകളുടെയും ഡോക്ടർമാരുടെയും സേവനം സ്വീരികരിക്കുന്നത് ഒരിക്കലും നല്ല പ്രവണതയല്ല. ഒരു കുടുംബത്തിന്റെ ആരോഗ്യവും സമ്പദ് വ്യവസ്ഥയും ആ കുടുംബത്തിലെ അമ്മയെ ആശ്രയിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. ആ അമ്മയുടെ അറിവും പക്വതയും കുട്ടികളുടെ ആരോഗ്യത്തിനും വ്യക്തിത്വ വികാസത്തിനും വളരെയധികം സ്വാധീനം ചെലുത്തുന്നു. അത്യാവശ്യം ഉപയോഗിക്കാവുന്ന, എളുപ്പത്തിൽ ലഭിക്കാവുന്ന ചില ഔഷധങ്ങൾ ഏതൊക്കെയെന്ന് നോക്കാം

  1. പനി : കുരുമുളക്, ചുക്ക്, തുളസി, ഇവ ഇട്ട് തിളപ്പിച്ചാറ്റിയ  വെള്ളം ഇടക്കിടെ കുടിക്കുക.

    അയമോദകം പൊടിച്ച് ശർക്കര ചേർത്ത് കഴിക്കുന്നതും നല്ലതാണ്.

  2. തലവേദന: കുമ്പളങ്ങാനീര്‌ കാലത്ത് വെറും വയറ്റിൽ കുറച്ച് ദിവസം കഴിക്കുക. മല്ലിയില അരച്ച് നെറ്റിയിൽ പുരട്ടുന്നതും ഉത്തമമാണ്. ജാതിക്കക്കുരു അരച്ചു പുരട്ടാം തിളച്ച വെള്ളത്തിൽനിന്നും വരുന്ന ആവി  ശ്വസിക്കുന്നതും ഗുണം ചെയ്യുന്നു.

  3. നടുവേദന: ഉലുവ വറുത്തുപൊടിച്ച് കാപ്പിയിൽ ചേർത്ത് ദിവസേന കഴിക്കുക. ചുക്കുകഷായത്തിൽ ആവണക്കെണ്ണ ചേർത്തും കഴിക്കാം.

  4. അമിത വിയർപ്പ് മാറ്റാൻ: മുതിര അരച്ച് ശരീരത്തിൽ തേച്ചു കുളിക്കുക.

  5. ആർത്തവ കാലത്തെ അധിക രക്തസ്രാവം തടയാൻ: കാരറ്റ് സൂപ്പുണ്ടാക്കി കഴിക്കുന്നത് നല്ലതാണ്.

  6. ആരോഗ്യത്തിന് : മുരിങ്ങക്കായ സൂപ്പുണ്ടാക്കി കഴിക്കുക. ദിവസേന രാവിലെയോ, രാത്രി ഉറങ്ങുന്നതിന് മുമ്പോ തേൻ കഴിക്കുക. കാലത്ത് വെറും വയറ്റിൽ കുമ്പളങ്ങാനീര്‌ കഴിക്കുന്നതും ഏറെ ഗുണപ്രദമാണ്.

  7. ഉദരരോഗമുള്ളവർ: വാഴപ്പിണ്ടി (കാമ്പ്) കറിവേപ്പില  ഇവ നല്ലതുപോലെ ഭക്ഷണത്തിൽ ഉൾപെടുത്തുക.

  8. ഉറക്കത്തിന്: ചൂടുപാലിൽ പഞ്ചസാര ചേർത്ത് ഉറങ്ങാൻ പോകുന്നതിന് മുമ്പ് കഴിക്കുക.

  9. ഓജസിന്: ഉലുവ വേവിച്ച്  കഷായം കഴിക്കുക.

  10. ഓർമ്മശക്തിക്ക്: ബ്രഹ്മീ നീര് തേനിൽ ചേർത്ത് കഴിക്കുക.(വയൽ വരമ്പത്ത് ബ്രഹ്മി ധാരാളം   കാണുന്നുണ്ട്)
  11.  വിളർച്ചമാറ്റാൻ: നെല്ലിക്ക നീരിൽ തേൻ ചേർത്ത് കഴിക്കുക. കോവക്ക പച്ച കടിച്ചു തിന്നുക. കാരറ്റ് ജ്യൂസ് കഴിക്കു ഏലത്തരി കഷായവും ഉത്തമമാണ്.

  12. കണ്ണ് രോഗങ്ങൾക്ക്: ഇളനീർകുഴമ്പ് ഈ രണ്ട് തുള്ളി ഉറ്റിക്കുക.

    പുളിയില വെള്ളത്തിലിട്ട് തിളപ്പിച്ചാറ്റി കണ്ണിൽ ധാരയൊഴിക്കുക. കണ്ണ് ചുവന്നിട്ടുണ്ടെങ്കിൽ കരിക്കിൻ വെള്ളം ധാര ചെയ്യുക.

  13. കഫക്കെട്ട് മാറ്റാൻ: കുരുമുളക്ക് പൊടിയിൽ തേൻ ചേർത്ത് സേവിക്കുക.

  14. കാൽ വിള്ളൽ  മാറ്റാൻ: വേപ്പില മഞ്ഞൾ ചേർത്തരച്ച് പുരട്ടുക.

  15. കുട്ടികളുടെ വിരശല്യം മാറ്റാൻ : പച്ച പപ്പായ തിന്നാൻ കൊടുക്കുക. ഒരു വെറ്റിലയും നാല് ഏലക്കയും ഇട്ട് തീളപ്പിച്ചാറ്റിയ വെള്ളവും കുടിക്കുന്നത് നല്ലതാണ്.

  16. ചുമക്ക്: ഇഞ്ചിനീരും തേനും ചേർത്ത് ഇടക്കിടെ കഴിക്കുക. ഉലുവ  കഷായവും നല്ലതാണ്, ചുമ വരുമ്പോൾ  ഗ്രാമ്പു വായിലിട്ട് അലിച്ചിറക്കുക.

  17. ചെങ്കണ്ണ് മാറ്റാൻ: നന്ത്യാർ വട്ടത്തിന്റെ പൂമൊട്ട് പൊട്ടിക്കുമ്പോഴുള്ള പാല് കണ്ണിലെഴുതുക.

  18. ചൂടുകുരു: ദോശമാവോ ഇഡ്ഡ്ലിമാവോ ദേഹത്ത് തേച്ചു കുളിക്കുക. ചന്ദനം അരച്ച് പുരട്ടി കുളിക്കുക.

  19. പുഴുക്കടി: പച്ച മഞ്ഞളും വേപ്പിലയും കൂടി അരച്ചു പുരട്ടുക.

  20. മുറിവിന്: മുറികുട്ടിപ്പച്ച എന്നറിയപ്പെടുന്ന ചെടിയുടെ ഇല പിഴിഞ്ഞ ചാറ് മുറിവിൽ ഉറ്റിക്കുക; ഒരുത്തമ മരുന്നാണിത്.

  21. പ്രേമേഹത്തിന്: കൂവളത്തില നീരും കുമ്പളങ്ങാനീരും ചേർത്ത് കാലത്ത് കഴിക്കുന്നത് അത്യുത്തമമാണ് പച്ച നെല്ലിക്കയും മഞ്ഞളും കൂടി ചേർത്തരച്ച് കഴിക്കുന്നതും നല്ല മരുന്നാണ്.

    പാവയ്ക്കാനീര് ദിവസേന കഴിക്കാം ഭക്ഷണ ക്രമവും വ്യായാമവുമാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

രോഗം വരാതെ നോക്കുകയാണ് അഭികാമ്യം ചിട്ടയായ ദിനചര്യകൾ കൊണ്ടും മൂല്യമുള്ള ആഹാരം കൊണ്ടും ശുചിത്വം കൊണ്ടും നേടാവുന്ന കാര്യമാണിത്. ആരോഗ്യമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് എന്നത് ഓർമ്മയിലിരിക്കട്ടെ


FacebookWhatsApp