ആദ്യ പ്രണയം

രാജേഷ് കുമാർ കെ.എൻ

പണ്ടൊന്നുമറിയാത്ത – ദിവ്യാനുരാഗത്തിൻ
ആദ്യവർഷമേഘം പെയ്തിറങ്ങി.
പുലർകാലസുന്ദര സ്വപ്നത്തിൻ നിർവൃതി
പത്മരാഗപ്രഭയായി മനതാരിതിൽ.

കന്യകയായൊരു ദേവതയായവൾ
എൻമിഴിച്ചെപ്പിലായ് കൂടുകൂട്ടി.
ഹൃദയത്തിൻ തന്ത്രിയിൽ വിരലാൽ ശ്രുതി മീട്ടി
എൻ നെടുവീർപ്പുകൾ ദീപ്തമായി.

ഹിമകണം പൊഴിയുന്ന അരുവിതന്നോരത്ത്
പ്രണയ പ്രവാഹത്തിൻ ചൂടറിഞ്ഞു.
കാതിൽ മൊഴിഞ്ഞു ഞാൻ തേൻമഴയായ്
ഒരു നറുപുഷ്പമായ് മുന്നിൽ നിന്നു.

കാലം കടന്നു പോയ് ഇരുവരായ് നാം
ഒന്നിച്ചു ചേരാത്ത രേഖയായി.
സുന്ദര പ്രണയദിനങ്ങളിലെപ്പോഴോ
കാലം മറവിതൻ കൂടു തീർത്തോ.

ആദ്യമായ് കണ്ടതും അറിയാതടുത്തതും –
അകലെയിരുന്നെൻ്റെ മൻചിരാതിൽ
ദീപ്തമായിന്നും തെളിയുന്നു കോണിലായ്
മായാതെ മറയാതെ ഇന്നുമെന്നും.

ഹൃദയത്തിൻ രേഖകൾ നീളുന്നനന്തമായ്
പ്രണയസാഗരതീരങ്ങൾ ലക്ഷ്യമായ്.
സമയരഥങ്ങൾ തൻ ചാരത്തണയുമ്പോൾ
അറിയുന്നു നിൻ ചുടു നെടുവീർപ്പതൊക്കെയും.


FacebookWhatsApp