മൗനം

രാജേഷ് കുമാർ കെ.എൻ

വർഷമേഘങ്ങളെ കാത്ത വേഴാമ്പലായ്
എൻ മനം മൗനത്തിൻ വാല്മീകമായ്.
കാതരയായൊരു പക്ഷിയെൻ കാതോരം
വന്നൊന്നു മുഗ്ദമായ് ചൊല്ലി വീണ്ടും.

ഒന്നല്ലൊരുപാട് സങ്കീർത്തനങ്ങളാൽ
സ്വപ്നത്തിൻ കൂടുകൾ തീർത്ത കാലം.
ഏതോ കരങ്ങളാൽ തല്ലിക്കെടുത്തിയാ-
ഒരു മാത്ര മോഹങ്ങൾ പൂവിടുമ്പോൾ.

നേർത്ത ഹിമകണം ചിത്രം വരച്ചൊരാ
വാതിലിൻ ചാരെ അണഞ്ഞിടുമ്പോൾ
ഇന്നും വിഷുപ്പക്ഷി പാടുന്നു ഗദ്ഗദം
മൗനരാഗം തീർത്തൊരാ നീലാംബരി.


FacebookWhatsApp