ദേവികേ സ്വസ്തി

രാജേഷ് കുമാർ കെ.എൻ

ഇന്നലെ
നീയൊരു വർണ്ണരാജി.
ഏഴു വർണ്ണങ്ങളും ഒളിവിടർത്തി,
കടലോളം സ്വപ്നങ്ങൾ നെയ്തൊരുക്കി,
പുത്തനുറവിൻ്റ വാതായനങ്ങൾക്കായ്-
ചിറകടിച്ചുയർന്നൊരു വാനമ്പാടി.

ഇന്ന്
ചക്രവാളത്തിൻ്റെ നീലവിഹായസിൽ
ചിന്നി ചിതറിയ വർണ്ണരാജി.
വെള്ളപുതപ്പിച്ച് സമയരഥത്തിലായ്,
മറുകര തേടി ഓടിയകലുന്ന,
മറുവാക്ക് പറയാത്ത ദു:ഖപുത്രി.

ഇന്നലെ
ഒറ്റമുറിക്കുള്ളിൽ റാന്തൽ വെളിച്ചത്തിൽ
കൂട്ടമായ് പാർത്തു നാം നന്മ തൻ ഗീതം പാടി.
കൊച്ചുവർത്താനവും കൺപൊത്തിക്കളിയുമായ്‌ –
കാലം കടന്നു പോയ് വിൺവാക്കു ചൊല്ലാതെ.

ഇന്ന്
അണുകുടുംബത്തിലായ് അല്ലലറിയാതെ,
എന്നോ തകർന്നുപോയ് ബാന്ധവനൂൽപാലം.
വ്യക്തിബന്ധത്തിൽ മതിലുകൾ തീർത്തോരോ –
പുത്തനാശയം വന്നു കണ്ടാലറിയാതായ്.

ഇന്നലെ
നന്മ നിറഞ്ഞൊരു നാട്ടിൻ പുറങ്ങളും
നല്ല വാക്കോതുവാൻ സജ്ജന സമ്പത്തും.
അതിമോഹങ്ങൾ മോഹഭംഗങ്ങളില്ലാത്ത
വാക്പയറ്റില്ലാത്ത പുത്തൻ പ്രഭാതങ്ങൾ.

ഇന്ന്
ജീവിച്ചിരിക്കെത്തരാത്തൊരാ കർമ്മങ്ങൾ,
ബലികർമ്മങ്ങളായ് മാറുന്നു വ്യർത്ഥമായ്.
അന്നതാഘോഷമവർക്കന്നമാടക്കായി –
ഇന്നതോ കാട്ടുന്നു പട്ടട മേലെയായ്.

മടങ്ങേണമവരുമിന്നല്ലെങ്കിൽ നാളെ –
ജീവിത ഭാണ്ഡമഴിച്ചു പച്ചയായൊറ്റക്ക്.
എനിക്ക് മുമ്പേ പറന്നൊരെൻ നിലാപക്ഷീ –
നിന്നെയോർത്ത് ഞാൻ കേഴുന്നു , ദേവികേ സ്വസ്തി


FacebookWhatsApp