സൽക്കാരം

ഇസു


ഇച്ചാപ്പിയും ടീമും  പീടിക കോലായിൽ ഇരുന്നു സൊറ പറഞ്ഞിരിക്കുന്ന സമയത്താണ്  അവന്റെയൊരു പരിചയക്കാരൻ  കോമുക്ക അത് വഴി വന്നതും അവനെ കണ്ടു വിശേഷം ചോദിക്കാൻ നിന്നതും..

കുറച്ചു കാലമായി ഒരു തക്കിട തരികിട കാണിച്ച് പോലിസ് കേസുമായി ബന്ധപ്പെട്ട്    നാട്ടിൽ പൊതു സ്ഥലത്ത് നിന്നൊക്കെ മാറി നിക്കുവായിരുന്നു ഇച്ചാപ്പി..

സ്റ്റേഷനിൽ വിളിപ്പിച്ചത് ഒന്ന് വാണിങ്ങ് കൊടുക്കാനായിരുന്നെങ്കിലും പോലിസ്കാരോട് ആഭാസം കാണിച്ചു എന്ന് പറഞ്ഞു പോലിസ് സ്വമേധയാ കേസ് എടുത്ത് വീട്ടിൽ അടക്കി ഒതുക്കി നിർത്തിക്കുകയായിരുന്നു.

ആളൊരു തട്ടിപ്പ് വീരനൊന്നുമല്ല.. അല്ലറ ചില്ലറ ജനങ്ങൾക്ക് ദ്രോഹമില്ലാത്ത തരികിടകൾ..
പാതിരാ നേരത്ത് ഫയർ സ്റ്റേഷനിൽ ഇടയ്ക്കിടെ ഫോൺ വിളിക്കുക KSEB യിൽ വിളിച്ചു അവിടെ കറന്റ്‌ ഇല്ല ഇവിടെ കറന്റ്‌ ഇല്ല എന്നൊക്കെ പറഞ്ഞു അവരെ ഇടങ്ങേര് ഉണ്ടാക്കുക.. അങ്ങനെ എന്തൊക്കെയോ കുരുത്തക്കേടുകൾ ആണ് പതിവ്.
ആ കാര്യത്തിന് സ്റ്റേഷനിൽ വിളിപ്പിച്ചു വാണിംഗ് കൊടുത്ത് രണ്ടാഴ്ച നല്ല നടപ്പിന് ശിക്ഷ കൊടുത്തു പോലിസ്…
ഈ നിമിഷം തൊട്ട് നന്നായിക്കോണം എന്ന് പറഞ്ഞു പോലിസ് വിരട്ടി സ്റ്റേഷനിൽ നിന്ന് പറഞ്ഞു വിട്ടു..
അവിടെ നിന്ന് ഇറങ്ങി പോകുന്നതിനിടയിൽ ചന്തി ഉരുട്ടി കാണിച്ച ഇച്ചാപ്പിയെ ആഭാസം കാണിച്ചു എന്ന് പറഞ്ഞു പോലിസ് വീട്ടിൽ അടക്കി ഒതുക്കി ഇരുത്തിയതാണ് സംഗതി..

നീ എന്ത്‌ വൃത്തിക്കേടാണെടാ ഈ കാണിച്ചു കൂട്ടുന്നത് എന്ന ചോദ്യത്തിന് സാറന്മാർ പറഞ്ഞത് പോലെ ചെയ്യാൻ തുടങ്ങുകയായിരുന്നു ഞാൻ എന്നാണ് ഇച്ചാപ്പി മറുപടി കൊടുത്തത്..
കവികളും സാഹിത്യകാമ്മാരും ചന്തി ഉരുട്ടിയുള്ള നടത്തത്തെ ഫോക്കസ് ചെയ്യുന്നത് ആ നടത്തം അടിപൊളി ആയത് കൊണ്ടല്ലേ സാറേ.
സാറന്മാർ കണ്ടിട്ടില്ലേ..

രണ്ടാഴ്ച നല്ല നടപ്പ് ശിക്ഷ തന്നത് കൊണ്ട് ഞാൻ അങ്ങനെ ചന്തി ഉരുട്ടി നടക്കാൻ തുടങ്ങുകയായിരുന്നു സാറേ എന്ന ഇച്ചാപ്പിയുടെ വിശദീകരണം കേട്ട് ഗൗരവകാരനായ  SI ചിരി  മസിൽ പിടിച്ചു നിർത്താൻ ശ്രമിച്ചപ്പോൾ വളി പിടി വിട്ടു പോയത് സ്റ്റേഷനിൽ ചിരിയുടെ മാല പടക്കത്തിന് തിരി കൊളുത്തി വിട്ടതാണ് ഇച്ചാപ്പിക്ക് വിനയായത് ..വശളായി പോയ SI കുറച്ചു ദിവസം വീടിന്റെ പുറത്ത് കാണരുത് എന്ന് പറഞ്ഞു അവനോടു പക തീർത്തതാണ്…

ആ കാലയളവ് കഴിഞ്ഞു പുറത്തു ഇറങ്ങിയതായിരുന്നു ഇച്ചാപ്പി..

” എന്താടാ ഇച്ചാപ്പി സുഖല്ലേ.. കുറച്ചായല്ലോ പുറത്തേക്ക് കണ്ടിട്ട്..  “എന്ന മറ്റെയിടത്തെ ആക്കിയ വർത്താനം പറഞ്ഞു ഈ പരിചയക്കാരൻ  .നീ പെരയിലേക്ക് വരുന്നോടാ .. ഇന്ന് ഞാൻ ഇവിടെ തന്നെ  ആയത് കൊണ്ട് അടിപൊളി ബിരിയാണിയൊക്കെ ഉണ്ട്.. വാ കഴിച്ചിട്ട് പോകാം.. എന്നും പറഞ്ഞു ഇച്ചാപ്പിയെ വീട്ടിലേക്ക് ക്ഷണിച്ചു..

വേണ്ടപ്പാ
പിന്നെ വരാം..
ഈടെ ഇപ്പോ എന്റെ ചങ്ങായിമാരൊക്കെ ഉണ്ടല്ലോ.. ഓറെ കൂട്ടാതെ ഞാൻ ഒറ്റയ്ക്ക് വരുന്നത് ശരിയല്ലല്ലോ

“നീ ഓറെയും കൂട്ടിക്കോ..
ഒരു രസല്ലേ..
നിങ്ങൾക്ക് തരാനുള്ള ബിരിയാണിയൊക്കെ എന്റെ പെരയിൽ ഉണ്ടാകും..

നീ വാ..”

വേണ്ട ഇക്ക.. പിന്നെ ആവട്ടെ .. എന്ന് പറഞ്ഞ് ചങ്ങായിമാർ അയാളെ സന്തോഷത്തോടെ പറഞ്ഞു വിട്ടു..

എന്നാ പിന്നെ ഞാൻ പോകുവാണേ ഇചാപ്പി എന്ന് പറഞ്ഞു അയാൾ പെരയിലേക്ക് പോയി..
അവിടെ എത്തി  5-10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അയാളുടെ വീട്ടിന്റെ മുറ്റത്തു 4-5 ആൾക്കാരെ കൂട്ടി ഇച്ചാപ്പി എത്തി..

ഇക്കാ ഞാൻ വേറെ ടീമിനെ സെറ്റ് ആക്കിയിട്ടുണ്ട്.. ബിരിയാണി വിളമ്പിക്കോ എന്ന് പറഞ്ഞു ടേബിളിന് ചുറ്റും ഇരുന്നു..
ആ കാർണോർ വാ പൊളിച്ചു പകച്ചു നിന്ന് ഉള്ളിൽ പിറുപിറുത്തു..” കള്ളസുവർ, ഞാനൊരു ഫോർമാലിറ്റിയ്ക്ക് വേണ്ടി വിളിച്ചപ്പോ ആളെയും കൂട്ടി വന്നിരിക്കുന്നു “

ഒച്ചയും ബഹളവും കേട്ട് അടുക്കളയിൽ നിന്ന്  കോമുക്കാന്റെ ബീഡർ ഇറങ്ങി വന്നു അതിശയത്തോടെ  ഇതെന്താ കഥ എന്ന ഭാവത്തിൽ നോക്കി..

ആ നോട്ടത്തിൽ കാര്യം പിടികിട്ടിയ ഇച്ചാപ്പി സംഗതി പറഞ്ഞു..
കോമുക്ക ക്ഷണിച്ചിട്ട് വന്നതാ.. ഇത്താ വേഗം ബിരിയാണി വിളമ്പിക്കോ..
അത് കേട്ടതും ഇത്ത അയാളെയൊന്ന് നോക്കി..
“അതേണേ ഞാൻ ക്ഷണിച്ചതാ.. നീ ചോറ് വിളമ്പിക്കോ.. ഞാൻ ഇവരെ തീറ്റിച്ചിറ്റ് കഴിച്ചോളാം..”

**
മേശയിൽ  ബിരിയാണി തളിക പലവട്ടം മാറി മാറി വന്നു..

അവസാനം അടുക്കളയിൽ നിന്ന് ചൂട് പാത്രത്തിൽ (കേസറോൾ ) തന്നെ ബിരിയാണി എത്തി..
ബിരിയാണിയുടെ കാര്യം ഏകദേശം തീരുമാനമായെന്ന് എല്ലാർക്കും പിടികിട്ടി..

കൈ കഴുകി  ഇറങ്ങും എന്ന് ചിന്തിച്ച സമയത്താണ് കൂട്ടുകാരിൽ ഒരാളുടെ ശബ്ദം പുറത്ത് വന്നത്… ഇക്കാ അടിപൊളി ബിരിയാണിയായിരുന്നു കേട്ടോ.. ഒരു സുലൈമാനി കൂടി കിട്ടിയാൽ സൂപ്പർ ആയി..

അത് കേട്ടതും കോമുക്ക ഇച്ചാപ്പിയെ അടുക്കളയിലേക്ക് വിളിപ്പിച്ചു ചെവിയിൽ പതുക്കെ പറഞ്ഞു..

” നിന്റെ മുട്ട് കാല് ഞാൻ തല്ലിയൊടിക്കും.. നീ പുറത്തിറങ്ങാതെ വീട്ടിൽ ഇരിക്കുന്നത് തന്നെയാ നല്ലത്..
നിന്റെ ചങ്ങായിമാരെയും കൂട്ടി ഇപ്പോൾ ഇറങ്ങിക്കോണം..
ഓന്റെ ഒരു സുലൈമാനി..  ഹ്മ്മ്.

, “അല്ല കോമുക്ക ഇങ്ങള് ടെമ്പർ ആവല്ലപ്പാ..
റോഡിൽ വെച്ചുള്ള ഒരുമാതിരി ആക്കിയ വർത്താനം എനിക്ക് പിടിച്ചില്ല..
അതിന്റെ പണി തന്നതാണ്..”

എന്നാ പിന്നെ ശരിയെ ഇക്കാ
നമ്മൾ പോയെ.. ഇനിയും ക്ഷണിക്കണേ എന്നും പറഞ്ഞു ഇച്ചാപ്പി ടീമിനെയും കൂട്ടി ഇറങ്ങി പോയി.


FacebookWhatsApp