ഒരു കമ്പിക്കഥ – വർണ്യത്തിലാശങ്ക!!

സഞ്ജയ് അമ്പലപറമ്പത്ത്

ഏതാണ്ട് പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ്, കുപ്ലങ്ങ സതീശനെ കാണുന്നത്. “കുപ്ലങ്ങ” അവൻറെ വീട്ടുപേരാണ് കേട്ടോ, അല്ലാതെ അവൻറെ വീട്ടിൽ കൃഷി ചെയ്യുന്ന പച്ചക്കറിയല്ല. ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ പറ്റിയിരുന്നില്ലെങ്കിലും രണ്ടാമത്തെ നോട്ടത്തിൽ ആളെ മനസ്സിലായി. എങ്ങനെ മറക്കാൻ പറ്റും കുപ്ലങ്ങയെ ?!. ഒരു പാണൻ ഇല്ലാതെ പോയത് ഈ നാടിൻറെ നഷ്ടം. അല്ലെങ്കിൽ ഗ്ലോബലൈസഷനു മുമ്പ് തന്നെ കുപ്ലങ്ങ വീരഗാഥകളിലൂടെ ലോകം പാറാലിനെ അറിഞ്ഞേനെ. ലോകഭൂപടത്തിൽ പ്രത്യേകം അടയാളപ്പെടുത്തുമായിരുന്നു, “പാറാൽ ദി ബർത്ത് പ്ലേസ് ഓഫ് ഗ്രേറ്റ് കുപ്ലങ്ങ സതീശൻ” – എന്ന്.

സതീശനെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിലോർമ്മ വരുന്നത് ഞങ്ങളുടെ വീട്ടിലെ കറുമ്പിപ്പശുവുമായി അവൻ നടത്തിയ ഉജ്ജ്വല പോരാട്ടമാണ്. എൻറെ അച്ഛനെയും ഏട്ടനേയും മാത്രം അനുസരിക്കുന്ന കറുമ്പി ഒരു ദിവസം ഹൂഡിനി ട്രിക്കിലൂടെ കഴുത്തിലെ കയറൂരുന്നിടത്താണ് കഥ തുടങ്ങുന്നത്. “കറുമ്പീ …ൾഗെ …ൾഗെ” എന്ന ഏട്ടൻറെ സ്നേഹത്തോടെയുള്ള വിളിയിൽ അമ്മായിയമ്മ മരുമോളോട് ഇടയ്ക്കൊക്കെ ഒലിപ്പിച്ചു കാട്ടുന്ന സ്നേഹത്തിൽ ഉള്ളത് പോലത്തെ ചതി ഉണ്ടെന്ന് മനസ്സിലാക്കിയ അവൾ സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായ ഞങ്ങളുടെ പറമ്പിൻറെ വടക്കുകിഴക്കേ മൂലയിലേക്ക് ഓടി. അപ്പോഴാണ് റേഷൻ പീടികയിൽ നിന്നും അരിയും വാങ്ങി വരികയായിരുന്ന സതീശൻ എന്നും ചെയ്യാറുള്ളത് പോലെ ഒരു ഡീവിയേഷൻ എടുത്ത് ഞങ്ങളുടെ വീട്ടിലേക്ക് എത്തിയത്. യാതൊരു ബാഹ്യപ്രേരണയും ഇല്ലാതെ തന്നെ സതീശൻ “ഓപ്പറേഷൻ കറുമ്പി” യിൽ സ്വന്തം കളിക്കൂട്ടുകാരനായ എൻറെ ഏട്ടൻറെ പക്ഷം ചേരുകയായിരുന്നു. രാഷ്ട്രീയ പാർട്ടികൾ സ്വതന്ത്ര സ്ഥാനാർത്ഥികളെ സപ്പോർട്ട് ചെയ്യുന്നത് പോലെയുള്ള സ്വാർത്ഥചിന്തയോടെയുള്ള ഒരു നീക്കമായിരുന്നില്ല അത്.

പിന്നീട് സതീശനും ഏട്ടനും ചേർന്ന് ഞങ്ങളുടെ പറമ്പ് ഒരു യുദ്ധക്കളം ആക്കാൻ ശ്രമിച്ചെങ്കിലും എനിക്കത് ഇന്ത്യയും പി എസ് വി ഐന്ത്ഹോവൻ ടീമും തമ്മിൽ 2011ൽ നടന്ന ഫുട്ബാൾ മാച്ചിനെ അനുസ്മരിപ്പിക്കുന്നതായാണ് തോന്നിയത്. ഗ്രൗണ്ട് നിറഞ്ഞു കളിച്ച കറുമ്പിയെ പിടിച്ചു കെട്ടാനാവാതെ എതിർടീമിലെ രണ്ടു കളിക്കാരും വിയർത്തു കുളിച്ചു. ആരാണ് ഇന്ത്യ, ആരാണ് പി എസ് വി ഐന്ത്ഹോവൻ എന്ന് മനസ്സിലാക്കാനുള്ള ഐ ക്യു ഉള്ളവരേ ഇത് വായിക്കൂ എന്നാണ് എൻറെയൊരു ശുഭാപ്തി വിശ്വാസം. കളി ഗാലറിയിൽ ഇരുന്ന് ആസ്വദിച്ചത് എൻറെ സാഡിസം ആണെന്ന് തെറ്റിദ്ധരിക്കരുത്. അതിൻറെ പിന്നിൽ അതിമൃഗീയമായ ഒരു കഥയുണ്ട്. മുൻപൊരിക്കൽ വീടിൻറെ തെക്കു പടിഞ്ഞാറേ മൂലയിൽ വെച്ച് കറുമ്പി എന്നെ ചുമരിനിട്ട് കുത്തിപ്പിടിച്ചപ്പോൾ ഞാനവളോട് ഒന്നേ ചോദിച്ചുള്ളൂ, “വിടമാട്ടേ…അപ്പൊ നീയെന്നെ ഇങ്കേയിരുന്നു എങ്കേയും പോകവിടമാട്ടേ ?!” – എന്ന്. മണിച്ചിത്രത്താഴ് കാണാത്തത് കൊണ്ട് അവൾക്കത് ശരിക്കങ്ങോട്ട് മനസ്സിലായില്ലെന്ന് തോന്നുന്നു. ഏതാണ്ട് രണ്ടു മിനുട്ടോളം ഒരു യുദ്ധത്തടവുകാരനെപ്പോലെ ഞാനവളുടെ കൊമ്പുകൾക്കും ചുമരിനും ഇടയിൽ കുരുങ്ങിക്കിടന്നു. എൻറെ നിലവിളി കേട്ട് ഓടി വന്ന ചേച്ചി ഒരു വടിയെടുത്ത് അടിക്കാനോങ്ങിയപ്പോൾ കറുമ്പി, ചേച്ചിയുടെ നേരെ തിരിഞ്ഞു. കിട്ടിയ ഗ്യാപ്പിൽ ഞാൻ ഓടി രക്ഷപ്പെട്ടു. വടിയും താഴെയിട്ട് ചേച്ചി എതിർവശത്തേക്കും ഓടി. പക്ഷെ, ഭൂമി ഉരുണ്ടതായത് കൊണ്ട് ഞങ്ങൾ അടുക്കള ഭാഗത്ത് വെച്ച് കണ്ടു മുട്ടി. “നിനക്കൊന്നും പറ്റിയില്ലല്ലോ?” എന്ന് ഒരു കൽക്കരി എൻജിനെപ്പോലെ കിതച്ചു കൊണ്ട് ചേച്ചി ചോദിച്ചു.

cow

അയ്യോ… പറഞ്ഞു പറഞ്ഞു കഥ മാറിപ്പോയല്ലോ. വെൽക്കം ബാക്ക് ടു ദി “ഓപ്പറേഷൻ കറുമ്പി” .

മിനിറ്റുകൾ മാത്രം നീണ്ട ഇടവേളക്ക് ശേഷം യുദ്ധം പുനരാംഭിച്ചപ്പോൾ സതീശൻ സെഞ്ചുറി കഴിഞ്ഞ സച്ചിൻ തെണ്ടുല്ക്കറെപ്പോലെ ആക്രമോല്സുകനും ആവേശോജ്ജ്വലനും ആയി. ഒരു തവണ കറുമ്പിയുടെ കാലിൽ പിടിച്ച സതീശൻ പറമ്പിലെ വരമ്പുകൾക്ക് മുകളിലൂടെ തെന്നിത്തെന്നി നീങ്ങിയത് ഐസ് സ്കേറ്റിംഗിന് സമാനമായ കാഴ്ച്ചയായിരുന്നു. സൈഡ് ലൈനിന് പുറത്തു നിന്നിരുന്ന എൻറെ ചേച്ചി സതീശന് വാണിംഗ് കൊടുത്തു. “എടാ സതീശാ…പൊട്ടത്തരം കാണിക്കല്ലേ?!” ചേച്ചി ഉയർത്തിയ യെല്ലൊ ഫ്ളാഗിനെ അവഗണിച്ച സതീശൻ മിനുറ്റുകൾക്കകം കറുമ്പിയുടെ വാലിൽ പിടിച്ചു. അത് കറുമ്പിക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു. പിന്നീട് കണ്ടത് “ഉയെൻറെ അമ്മേ …” എന്ന് കരഞ്ഞു കൊണ്ട് സതീശൻ നിലത്ത് വീഴുന്നതാണ്. കറുമ്പിയുടെ കിക്ക് സതീശൻറെ കിഴക്കു ഭാഗത്തെ കിഡ്നിയിലാണ് പതിച്ചത്. “കുറച്ചു വെള്ളം” എന്ന് ദയനീയമായി തേങ്ങിയ സതീശന് വെള്ളമെടുക്കാൻ വേണ്ടി ചേച്ചി വീടിനകത്തേക്ക് പോയ സമയത്താണ് സതീശൻ ആ നഗ്നസത്യം ഏട്ടനോട് വെളിപ്പെടുത്തിയത്, “എടാ ചവിട്ട് കൊണ്ടിറ്റ് മൂത്രമൊഴിച്ചു പോയി…കേട്ടാ”. അപ്പോഴേക്കും യുദ്ധത്തിൽ തോറ്റ പടയാളിക്ക് വാട്ടറുമായി ചേച്ചി എത്തി. വാട്ടറും ലൂവും ഒക്കെ ഉണ്ടായിരുന്നെങ്കിലും, മറ്റൊരു “വാട്ടർലൂ” ആയി ഈ കഥ ചരിത്രത്തിൻറെ താളുകളിൽ എവിടെയും ഈ കഥ എഴുതപ്പെട്ടില്ല എന്നതാണ് മറ്റൊരു ട്രാജഡി.

മനുഷ്യശരീരത്തിൽ ഒരു കിഡ്നി സബ്സ്റ്റിട്യൂട് ആയി ഉള്ളത് കാരണം കുപ്ലങ്ങ സതീശൻറെ കിഴക്കേ കിഡ്നി അന്ന് അന്ത്യശ്വാസം വലിച്ചിരുന്നോ എന്ന് ഇന്നും ആർക്കുമറിയാത്ത രഹസ്യമായി അവശേഷിക്കുന്നു.

ഇനി നമുക്ക് ഓൻറെ* മറ്റു ചില ഖതർനാക് വീര ഗാഥകളിലേക്ക് കടക്കാം.

“നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ പോരാ, വാർപ്പ് പൊരകൾ” വേണമെന്ന് കൂടുതൽ മലയാളീസിന് തോന്നിത്തുടങ്ങിയ കാലഘട്ടം. മംഗലത്തിന്* പോവുമ്പോ പൊന്നിൻറെ ഒരു മാലയെങ്കിലും ഇടാണ്ട് എങ്ങനെയാ…എന്ന് പെണ്ണുങ്ങൾ കൂലംകഷമായി ചിന്തിക്കുമ്പോ, പൊരേൻറെ ഒരു മൂലയെങ്കിലും വാർക്കാണ്ട് എങ്ങിനെയാ എന്നായിരുന്നു ആണുങ്ങളുടെ ചിന്ത. ഗൾഫിൽ നിന്നും ലീവിന് വന്നവരുടെ ചെരുപ്പ് നാട്ടിലെ മെയിൻ ആർക്കിടെക്റ്റ് ആയ രാഗൂട്ടി മേസ്ത്രിയെ തപ്പി നടന്ന് തേഞ്ഞിരുന്നു.

ബജാജ് ഓട്ടർഷക്ക് ബി എം ഡബ്ള്യു ൻറെ ഹെഡ് ലൈറ്റ് പിടിപ്പിക്കുന്ന പോലെ വീടുകളുടെ വരാന്ത വാർത്ത് വാർത്ത് രാഗൂട്ടി മേസ്ത്രിൻറെ ജീവിതം പിന്നെയും ബാക്കിയുണ്ടായിരുന്നത് കൊണ്ട് ഞങ്ങളുടെ വീടിൻറെ വരാന്ത വാർക്കാൻ പറ്റി. പിൽക്കാലത്ത് എൻറെ ബഡ്ഡി സുധി ചോദിച്ചു,”ഓ…നിൻറെ വീടും ഇങ്ങനെ നായിക്കുറുക്കനെ പോലെ ആണോ”. അവനെൻറെ വീടിനെ അപമാനിച്ചത് ഇഷ്ടപ്പെട്ടില്ലെങ്കിലും, സിനിമ സംവിധായകന്മാർ ചെയ്യുന്നത് പോലെ കൈവിരലുകൾ കൊണ്ട് ഫ്രെയിം ആക്കി നോക്കിയപ്പോൾ വീടിന് നായിക്കുറുക്കൻറെ ഒരു ഫേസ് കട്ട് ഉള്ളതായി എനിക്കും തോന്നി.

ലഘുതമ സാധാരണ ഗുണിതം ശരിക്ക് പഠിക്കാഞ്ഞത് കാരണം, വീട് വാർക്കാൻ വന്ന രാഗൂട്ടി മേസ്ത്രീൻറെ കണക്ക് പിഴക്കുകയും, വളച്ചും ഒടിച്ചും വെച്ച ചില കമ്പികൾ അസാധു ആവുകയും ചെയ്തു. അതിലൊരു കമ്പി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കഥയാണിനി …

വേനലവധിയിൽ പകൽ സമയം മുഴുവൻ കളിച്ചു തീർക്കുക എന്നത് വളരെ ശ്രമകരമായ കാര്യം ആയിരുന്നു, യു നോ ?!. ഇന്നത്തെപ്പോലെ വെക്കേഷൻ ക്ലാസ്സുകളോ സമ്മർ ക്യാമ്പുകളോ നടത്തി പിള്ളേരുടെ ക്രീയേറ്റിവിറ്റിയേയും ബുദ്ധിശക്തിയേയും വളർത്താനൊന്നും അറിയാതിരുന്ന ഡൂക്ലി അച്ഛനമ്മമാർ, പിള്ളേര് നല്ലോണം കളിച്ച്, നല്ലോണം ഭക്ഷണം കഴിച്ച്, നല്ലോണം ഉറങ്ങുന്നത് കണ്ടാൽ ആശ്വാസത്തിൻറെ സിംബൽ ആയ ഒരു ദീർഘ നിശ്വാസവും വിട്ട് ആത്മസംതൃപ്തി അടയുന്നവർ ആയിരുന്നു. രാവിലത്തെ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഇനി നിങ്ങളായി നിങ്ങളുടെ പാടായി, ഉച്ച വരെ എന്നെ എടങ്ങാറാക്കറ്* എന്ന ഒരു സ്റ്റാൻഡ് ആയിരുന്നു പല അമ്മമാർക്കും.

ക്രിക്കറ്റ് ശരിക്കും പോപ്പുലർ ആയിത്തുടങ്ങാത്തത് കൊണ്ട് ചട്ടികളി, ചുള്ളിയും കോലും, കബഡി മുതലായ ആൺകളികളും, കൊത്തങ്കല്ല്, സെറുക്ക മുതലായ പെൺ കളികളും, പിന്നെ കുറ്റിമാറിക്കളി പോലെയുള്ള യൂണിസെക്സ് കളികളും കൊണ്ട് നിബിഡമായിരുന്നു വീട്ടുമുറ്റങ്ങളും പറമ്പുകളും. വരമ്പുകളിലൂടെ അതിവേഗതയിൽ ടയറുരുട്ടുന്നവർക്ക് മൈക്കൽ ഷുമാക്കറിൻറെ പരിവേഷം ആയിരുന്നു.

സ്ഥിരംകളികൾക്ക് പഞ്ച് കുറഞ്ഞപ്പോൾ ഒരു ദിവസം ഞാനും ഏട്ടനും കുപ്ലങ്ങ സതീശനും ചേർന്ന് ഒരു ഇന്റർനാഷണൽ കളി കളിക്കാൻ തീരുമാനിച്ചു, ഹൈജമ്പ്. അസാധു കമ്പികളുടെ കൂട്ടത്തിൽ നിന്ന് ഒരുവശം പോപ്പി കുടയുടെ കാല് പോലെ ആക്കി വെച്ചിരിക്കുന്ന രണ്ടു കമ്പികൾ എടുത്ത് ഏതാണ്ട് രണ്ടു മീറ്റർ ദൂരത്തിലായി പറമ്പിലേക്ക് കുത്തിയിറക്കി. ജോൺസ് കുട ക്ഷമിക്കുക, മനസ്സിൽ പെട്ടെന്ന് പോപ്പി എന്ന പേര് വന്നത് കൊണ്ട് പറഞ്ഞു എന്നേ ഉള്ളൂ. ഈ ഉപമയിൽ “കുടയേതായാലും കാല് വളഞ്ഞിരുന്നാൽ മതി”. അയല് കെട്ടിയിരുന്ന പ്ലാസ്റ്റിക് വയറെടുത്ത് കമ്പികളെ തമ്മിൽ ബന്ധിപ്പിച്ചു. ഹൈജമ്പ് തുടങ്ങാനുള്ള സെറ്റപ്പ് റെഡി. ഇനി ചാടിയാൽ മതി.

ഞങ്ങൾക്കായി ഞങ്ങൾ തന്നെ ഉയർത്തിയ ആദ്യ കടമ്പകൾ ഞങ്ങൾ മൂന്നു പേരും പുഷ്പം പോലെ താണ്ടി. പക്ഷെ, അധികം താമസിയാതെ കൂട്ടത്തിൽ ശിശുവും ഇന്ത്യക്കാരനുമായ ഞാൻ തോൽവി സമ്മതിച്ച് അമേരിക്കയും ചൈനയും തമ്മിലുള്ള ഫൈനൽ മത്സരം കാണാനുള്ള ഏക കാണിയായി.

കടുത്ത മത്സരം ആയിരുന്നു പിന്നീട് കണ്ടത്. തോൽക്കാൻ മനസ്സില്ലാതെ അവർ റെക്കോർഡുകൾ തകർത്തു കൊണ്ടേയിരുന്നു. ലോക റെക്കോർഡ് ആയി പരിഗണിക്കപ്പെടണമെങ്കിൽ ഐ സി സി പ്രതിനിധികളുടെ സാന്നിധ്യം ആവശ്യമാണെന്ന് അറിയാമായിരുന്നെങ്കിൽ അഞ്ചാം ക്ലാസ്സിൽ അമ്മയുടെ കൂടെ പഠിച്ച വില്ലേജ് ആപ്പീസറോട് പറഞ്ഞു മിനിമം ഒരാളെ എങ്കിലും ഒപ്പിക്കാമായിരുന്നു എന്ന പോയിൻറ് പിന്നീട് നടന്ന അവലോകനചർച്ചയിൽ ആണ് ഉയർന്നത്. ബട്ട് ഇറ്റ് വാസ് ടൂ ലേറ്റ് !!

ഒരവസരത്തിൽ ഏട്ടൻ ഉയർത്തിയ വെല്ലുവിളി ഭേദിക്കാനാവാതെ കുപ്ലങ്ങ ഉഴലുകയായിരുന്നു. അവസാന ശ്രമം എന്ന നിലയിൽ പുതിയ ഒരു ടെക്നിക് പരീക്ഷിക്കാൻ സതീശൻ തീരുമാനിച്ചു. ഒരു സൈഡിൽ നിന്നും ഓടി വന്ന് പ്രത്യേക രീതിയിലുള്ള ചാട്ടമാണ് പുള്ളി വിഭാവനം ചെയ്തത്. ലങ്കയിലേക്ക് ചാടുമ്പോൾ ഹനുമാൻ പോലും സതീശൻറെ ലെവലിൽ ചിന്തിച്ചിട്ടുണ്ടാവില്ല. അമ്മാതിരി ഇന്നൊവേഷൻ ആയിരുന്നു അത്.

ഏതായാലും ഓടി വന്ന് ചാടിയ സതീശൻ പിന്നെ, പോപ്പി കമ്പിയുടെ മുകളിൽ കാല് നിലത്തെത്താതെ കുരുങ്ങികിടക്കുന്നതാണ് ഞങ്ങൾ കണ്ടത്.

മഹച്ചരിതമാലയിലൂടെ ഐസക് ന്യൂട്ടനെപ്പറ്റി വായിച്ചറിഞ്ഞ എനിക്ക് കുപ്ലങ്ങ, ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്നത് ഒട്ടും സഹിച്ചില്ല. “എടാ താഴെ ഇറക്കെടാ…എന്നെ താഴെ ഇറക്കെടാ…” എന്ന ദയനീയ അഭ്യർത്ഥന കേട്ടപ്പോഴാണ് അവൻ ത്രിശങ്കു സ്വർഗാനുഭൂതി അനുഭവിക്കുകയാണെന്ന് മനസ്സിലായത്. പിടിച്ചിറക്കാൻ ശ്രമിച്ചപ്പോഴാണ് കാര്യങ്ങളുടെ ഇരിപ്പു വശവും സതീശൻറെ ഇരിപ്പുവശവും കുറച്ചധികം പ്രശ്നത്തിലാണെന്ന് മനസ്സിലായത്. ചൂണ്ടയിൽ കുരുങ്ങിയ മീനിൻറെ അവസ്ഥയിലായിരുന്നു സതീശൻ എന്ന് പറഞ്ഞാൽ വലിയ തെറ്റില്ലെന്ന് തോന്നുന്നു.

മാച്ചിന് മുമ്പ് പിച്ച് പരിശോധിക്കുന്ന ക്യാപ്റ്റൻമാരെപ്പോലെ സേതുരാമയ്യരുടെ സൂക്ഷ്മദൃഷ്ടി കടമെടുത്ത് കുപ്ലങ്ങയുടെ ബാക്ഗ്രൗണ്ടിലെ അവസ്ഥ പരിശോധിച്ചപ്പോൾ, ലോ ഓഫ് മോഷൻറെ പരിമിതികളെ കാറ്റിൽ പറത്തിയ പോപ്പി കമ്പിയുടെ മോഷൻ കണ്ട് ഞാനും ഏട്ടനും മോഷൻലെസ്സ് ആയിപ്പോയി. സതീശൻറെ ട്രൗസറിൽ രണ്ട് തൊളകൾ* സൃഷ്ട്ടിച്ച്, ഒരെണ്ണത്തിലൂടെ കയറി അവൻറെ ബമ്മിന് വലിയ പരുക്കുകൾ ഉണ്ടാക്കാതെ മറ്റൊരെണ്ണത്തിലൂടെ ഇറങ്ങിയ പോപ്പി കമ്പി ഒരു അഹിംസാ വാദി ആയിരുന്നെന്ന് തോന്നുന്നു. കമ്പിയിൽ ആ വളവില്ലായിരുന്നെങ്കിൽ, അതവൻറെ ഔട്ട് പുട്ടിലൂടെ കയറി ഇൻ പുട്ടിലെത്തിയേനെ. പക്ഷെ അങ്ങിനെയായിരുന്നെങ്കിൽ കാര്യങ്ങൾ എളുപ്പമായേനെ, കമ്പിയോടെ എടുത്ത് തന്തൂരി അടുപ്പിലേക്ക് വെച്ചാ മതിയായിരുന്നു.

Disclaimer: ഇത് വായിച്ച ശേഷം റെസ്റ്റോറന്റിലെ കമ്പിയിൽ കുത്തി വെച്ച കോഴിയെ കണ്ട് ആർക്കെങ്കിലും കുപ്ലങ്ങ സതീശനെ ഓർമ്മ വന്നാൽ, ഉൽപ്രേക്ഷയുടെ ബാധ കേറി അതു താനല്ലയോ ഇത് എന്ന് വർണ്ണ്യത്തിലാശങ്കയാവുന്നതാണെന്ന് തിരിച്ചറിയുക. ആ ബാധ ഒഴിപ്പിക്കാൻ എനിക്കറിയില്ലെന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ.

ഭാഷാപരിചയം: ഓൻറെ – അവൻറെ , മംഗലം – കല്യാണം, എടങ്ങാറാക്കുക – ശല്യം ചെയ്യുക, തൊള – ഓട്ട, സുഷിരം


FacebookWhatsApp