കോഴിപ്പോര്

അജിത് കല്ലൻ


“പ്ഫാ, പോത്തിനെപോലെ കെടന്നുറങ്ങുന്നതു കണ്ടില്ലെ. സമയം എത്രയായീന്നാ വിചാരം. പോയി രണ്ടു കിലോ കോഴിയിറച്ചി വാങ്ങി വാ “
സ്വപ്നം കണ്ട് ഉറങ്ങുന്ന നേരത്തായിരുന്നു ചക്കിയുടെ ആട്ടൽ രാമൻകുട്ടിയുടെ കാതുകളിൽ തുളച്ചിറങ്ങിയത്. മെലിഞ്ഞ് കോലുപോലെയുള്ള രാമൻകുട്ടി ഞെട്ടിപിടഞ്ഞെഴുന്നേറ്റു. എഴുന്നേറ്റപ്പോൾ ഉടുത്തിരുന്ന മുഷിഞ്ഞു നാറിയ മുണ്ട് അഴിഞ്ഞു വീണത് രാമൻകുട്ടി അറിഞ്ഞില്ല.
“ഛീ, മുണ്ടെടുത്തുടുക്ക് മനുഷ്യാ. ഒരു നാണോം മാനോം ഇല്ല” തടിച്ച് കൊഴുപ്പ് നിറഞ്ഞ ശരീരം കുലുക്കി ചക്കി ചീറി.
ആത്മാഭിമാനത്തിനേറ്റ മുറിവിൻ്റെ മുകളിൽ ചക്കിയുടെ ചീറ്റൽ കൂടി കേട്ടപ്പോൾ അയാളുടെ മുഖം മഞ്ഞളിച്ചു.
മുണ്ടുടുത്ത് രാമൻ കുട്ടി പറഞ്ഞു ” നീയൊന്നെന്നെ സമാധാനത്തോടെ സ്വപ്നം കാണാൻ സമ്മതിക്കില്ലല്ലോ എൻ്റെ ചക്കീ “
“സ്വപ്നം. പ്ഫൂ. എൻ്റെ വായീന്ന് കേക്കും. ഗ്രഹണി പിടിച്ച അഞ്ചാറ് പിള്ളേരുണ്ടിവിടെ. അയിറ്റീങ്ങളെ ആരോഗ്യം ഒന്നു നന്നാക്കിയെടുക്കണമെന്നുള്ള വല്ല വിചാരോം നിങ്ങക്കുണ്ടോ? ഇന്ന് പിള്ളേർക്ക് ബ്രോസ്റ്റഡ് ചിക്കനും, തന്തൂരി ചിക്കനും ഉണ്ടാക്കി കൊടുക്കാമെന്ന് വിചാരിച്ചതാ.
രാമൻകുട്ടിയുടെ കണ്ണുകൾ മുൻപോട്ട് തള്ളി. വായ പൊളിച്ചു. തലയിൽ ഇരമ്പൽ അരിച്ചു കയറി.
“ഇവളിതൊന്തൊക്കെയാ പറേന്നെ. ഇതൊക്കെ ഉണ്ടാക്കാൻ ഇവക്കറിയാമോ? “
അയാളുടെ തലയിൽ കയറി ഇരുന്ന് കോഴി കാഷ്ഠിച്ചു.
ചക്കി കുറുകി കൊണ്ട് പറഞ്ഞു ” കോഴിയെ വാങ്ങുമ്പോൾ ഡ്രസ്സ് ചെയ്യിക്കണം”
‘ഡ്രസ് ചെയ്യിക്കാനോ ‘ അയാളുടെ വായക്കുള്ളിൽ നിന്നും ഒരു നിലവിളി പുറത്തേക്ക് വരാനൊരുങ്ങിയതിനെ അയാൾ പണിപ്പെട്ടു നിർത്തി. വല്ല ചാത്തനോ പ്രേതമോ ഇവളിൽ കേറി കൂടിയോ എന്നയാൾ സംശയിച്ചു.പ്രേതബാധ ഒഴിപ്പിക്കുന്ന മന്ത്രവാദി കുറുപ്പിനെ പോയി കാണേണ്ടി വരുമെന്ന തോന്നലും അയാളുടെ തലയിൽ കയറി കൊത്തി.
” നിങ്ങളെന്താ മനുഷ്യാ വായും പൊളിച്ചിരിക്കുന്നെ. ഇന്നലെ രാത്രി ഞാൻ പറഞ്ഞത് മറന്ന് പോയോ” ചക്കി അലറി കൊണ്ട് കൈകൾ വീശി ഉറഞ്ഞ് തുള്ളി അയാളുടെ നേർക്ക് വന്നു. ഒരു വിധം ഒഴിഞ്ഞുമാറിയതിനാൽ അയാൾ രക്ഷപ്പെട്ടു.
അയയിൽ തൂക്കിയിട്ടിരുന്ന കോളറിൽ അഴുക്ക് പുരണ്ട ചുവന്ന മുഷിഞ്ഞ ഷർട്ടെടുത്തിട്ടു. അടിവശംതേഞ്ഞ് തുള വീണ ചെരുപ്പിട്ട് കോഴി ഇറച്ചി വാങ്ങാനായി ബീരാനിക്കയുടെ കടയിലേക്ക് പോകാൻ ഇടവഴിയിലേക്കിറങ്ങി. ഇടവഴിയിൽ കൂടി നടക്കുന്നതിനിടയിൽ അയാൾ താൻ കണ്ടു കൊണ്ടിരുന്ന സ്വപ്നത്തിലേക്ക് കാലെടുത്തു വെച്ചു.
നല്ല വലുപ്പമുള്ള രണ്ട് കോഴികൾ ഓതിര കടകം മറിഞ്ഞ് പറന്നുയർന്ന് അങ്കം വെട്ടുന്നു. നല്ല എടുപ്പുള്ള കോഴികൾ. തലയിൽ രക്തനിറത്തിലുള്ള പൂവുകൾ. രാകി തേച്ചതു പോലുള്ള മൂർച്ചയേറിയ കൊക്കുകൾ. ചുവപ്പും കറുപ്പും മഞ്ഞയും നിറങ്ങൾ ഇടകലർന്ന വാലുകൾ. അതേ നിറത്തോടു കൂടിയ ചിറകുകൾ. രണ്ടുകോഴികളുടെ കാലുകളിലും മൂർച്ചയുള്ള കത്തി കെട്ടി വെച്ചിട്ടുണ്ടായിരുന്നു. പറന്നുയർന്ന കോഴികൾ പരസ്പരം കൊത്തികീറി. കാലിലുണ്ടായിരുന്ന കത്തി എതിരാളിയുടെ ശരീരത്തിൽ തട്ടിമുറിഞ്ഞ് ചോര തെറിച്ചു. രാമൻകുട്ടിയുടെ കാലിലും, കൈയ്യിലുമുള്ള രോമങ്ങൾ എഴുന്നേറ്റു നിന്നു.
അങ്കക്കലി മൂത്ത ഒരു കോഴി പോരിനിടയിൽ കാഴ്ച കണ്ടു കൊണ്ടിരുന്ന രാമൻകുട്ടിയെ കൊത്താൻ വന്ന സമയത്തായിരുന്നു ചക്കിയുടെ ആട്ടൽ സ്വപ്നം കണ്ടുറങ്ങുകയായിരുന്ന അയാളെ ഉണർത്തിയത്.
രാമൻകുട്ടിക്ക് കോഴിപ്പോര് ഒരു ദൗർബല്യമായിരുന്നു. അന്തിക്കാട്ടുള്ള കാളിയമ്മൻ കോവിലിൽ വർഷത്തിലൊരിക്കൽ നടക്കുന്ന കോഴിപ്പോര് അയാൾ ഒഴിവാക്കാറില്ല. ആ ദിവസത്തിനുവേണ്ടി ദിവസങ്ങൾ അയാൾ എണ്ണി തീർക്കും. പോരിനിറങ്ങുന്ന കോഴികളിൽ തനിക്കിഷ്ടപ്പെട്ട കോഴിയുടെ ഭാഗത്ത്കൂടി കുന്തിച്ചിരുന്ന് കൈ തട്ടിയും വിസിലടിച്ചും അയാൾ പ്രോൽസാഹിപ്പിക്കും. എതിരാളിയുടെ ശരീരത്തിൽ കൊത്തുമ്പോഴും കത്തി തട്ടി ശരീരം മുറിഞ്ഞ് ചോര ചീന്തുമ്പോഴും എല്ലാം മറന്ന് അയാൾ തുള്ളിച്ചാടും.
അയാൾ ഇടവഴിയിലെ സ്വപ്നത്തിൻ നിന്നും വയലിലേക്കിറങ്ങി വരമ്പത്തുകൂടി നടന്നു. അപ്പോഴായിരുന്നു നാലഞ്ച് കുറുക്കൻമാർ അയാളുടെ കണ്ണുകളിൽ പെട്ടത്‌.
വയലുകളിൽ നിന്ന് കുറുക്കൻമാർ അയാളെ നോക്കി.
രാമൻകുട്ടി അതിശയപ്പെട്ടു. ഇവറ്റകൾ ഇപ്പോൾ എവിടെ നിന്നു വന്നു? നാട്ടിൽ ഇപ്പോൾ ആരും കോഴികളെ വളർത്തുന്നില്ലല്ലോ? പണ്ടായിരുന്നെങ്കിൽ കോഴികളില്ലാത്ത വീടുകളില്ലായിരുന്നു. വീടുകളിലുള്ള കോഴിക്കൂടുകളിൽ നിറച്ചും കോഴികളും കാണും. കുറുക്കൻമാരും ഒരുപാടുണ്ടായിരുന്നു. കാടുകളും. തക്കം പാർത്തിരുന്ന് കുറുക്കൻമാർ കോഴികളെ തട്ടിയെടുത്ത് കാട്ടിൽ മറയും. ഇന്നിപ്പോൾ കോഴിയും ഇല്ല. കാടും ഇല്ല. പട്ടിണിയിലായ കുറുക്കൻമാർ വംശനാശം സംഭവിക്കുകയും ചെയ്തു.
ഇപ്പോഴാണെങ്കിൽ നാലഞ്ച് കുറുക്കൻമാർ അയാളെ ശത്രുവിനെ നോക്കുന്നതുപോലെ നോക്കി നിൽക്കുന്നു. കുറുക്കൻമാരെ കണ്ട അയാൾക്ക് ചെറിയൊരു ഭയവും തോന്നാതിരുന്നില്ല. ഒരാശ്വാസം തോന്നിയത് അവറ്റകൾ അടുത്തേക്ക് വരാതിരുന്നപ്പോഴായിരുന്നു.
അയാൾ കാലുകൾ നീട്ടിവലിച്ചു നടന്നു.
ചക്കിയുടെ ചൂടുള്ള ബ്രോസ്റ്റഡ് ചിക്കൻ്റെയും തന്തൂരി ചിക്കൻ്റെയും കാര്യം ആലോചിച്ച് നടന്ന അയാൾ ബീരാനിക്കയുടെ കടയുടെ മുൻപിൽ എത്തിയതറിഞ്ഞില്ല.
കടയുടെ മുൻപിൽ വെച്ചിരുന്ന കോഴിക്കൂട്ടിലുള്ള കോഴികളെ അയാൾ സൂക്ഷിച്ചു നോക്കി. കോഴിപ്പോരിന് പറ്റിയ വല്ലതും അക്കൂട്ടത്തിലുണ്ടോ എന്നറിയാൻ.
എല്ലാം തൂങ്ങിപിടിച്ചിരിക്കുന്നു. കോഴികളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അയാൾക്ക് പാവം തോന്നി. ചക്കിയുടെ ആട്ട് അയാളുടെ പാവത്തെ മലർത്തിയടിച്ചു. “എന്താ രാമൻ കുട്ടി, എത്ര വേണം” കൈയ്യിൽ പറ്റിപ്പിടിച്ച കോഴിചോര ചോരപ്പാടുകൾ നിറഞ്ഞ ബനിയനിൽ തുടച്ച് ബീരാനിക്ക കത്തിക്ക് മൂർച്ച കൂട്ടി.
“രണ്ട്കിലോ. ഡ്രസ്സ് ചെയ്യണമെന്നാ ചക്കി പറഞ്ഞെ “
“അത് ഞമ്മ ഏറ്റ് “
‘അപ്പോൾ ബീരാനിക്ക കോഴിക്കുള്ള ഡ്രസ്സൊക്കെ വാങ്ങിവെച്ചിട്ടുണ്ടോ? രാമൻകുട്ടി വായ പൊളിച്ചു.
പൊളിച്ച വായയിൽ ബീരാനിക്കയുടെ കടയിൽ പറന്നുകൊണ്ടിരുന്ന കോഴിചോര കുടിച്ച ഈച്ച ഇരച്ചുകയറി. അയാളതിനെ ഉമിനീരിൽ പൊതിഞ്ഞ് ആഞ്ഞ് പുറത്തേക്ക് തള്ളി. പിന്നെ അയാൾ വായ തുറന്നില്ല.
ബീരാനിക്ക കോഴിക്കൂട്ടിൽ നിന്നും നല്ല വലിപ്പമുള്ള ഒരു കോഴിയെ പുറത്തേക്കെടുത്തു. രക്ഷപ്പെടാനാവാത്ത വിധത്തിൽ അതിൻ്റെ ചിറകുകൾ കോർത്തിണക്കി തൂക്കം നോക്കി തൃപ്തിപ്പെട്ടു. പിന്നീട് അതിനേയും എടുത്ത് അകത്തെ ഇരുണ്ട മുറിക്കുള്ളിൽ അപ്രത്യക്ഷനായി. പിന്നെ കേട്ടത് കോഴിയുടെ ദീനരോദനം ആയിരുന്നു. രാമൻകുട്ടിക്ക് വീണ്ടും പാവം തോന്നി. ചക്കിയുടെ ബ്രോസ്റ്റഡ് ചിക്കനും, തന്തൂരി ചിക്കനും, ആട്ടും ഒന്നിച്ച് രാമൻകുട്ടിയുടെ തലക്കുള്ളിലിരുന്ന് കോഴിപ്പോര് നടത്തി. തോന്നിയ പാവത്തെ ഒരു നിമിഷം പാഴാക്കാതെ അയാൾ പിൻവലിച്ചു.
ബീരാനിക്ക ഇരുട്ടിൽ നിന്നും പൂട കളഞ്ഞ കോഴിയുമായി അങ്കം ജയിച്ച വീരയോദ്ധാവിനെ പോലെ പുറത്തേക്ക് വന്ന്, ഉരുണ്ട് മുകൾ ഭാഗം പരന്ന മരക്കുറ്റിയിൽ വെച്ച് കോഴിയെ കൊത്തി നുറുക്കി ഒരു പ്ലാസ്റ്റിക്ക് കവറിലിട്ട് രാമൻകുട്ടിക്ക് കൊടുത്തു.
രാമൻകുട്ടി നെഞ്ച് പിളർന്നതു പോലെ വായ പൊളിച്ച് ചോദിച്ചു “ബീരാനിക്ക ഡ്രസ്സ് “
“എടാ പഹയ. ഡ്രസ്സെന്നു പറഞ്ഞാ കോയീൻ്റെ തോലെടുക്കലാ” ബീരാനിക്ക കോഴികൊക്കുന്നതു പോലെ ചിരിച്ചു.
ചക്കിയുടെ കോഴി വിവരത്തിൻ രാമൻകുട്ടിക്ക് അഹന്ത തോന്നി. മുഖത്ത് പ്രത്യക്ഷപ്പെട്ട അമ്പരപ്പ് തുടച്ച് പണവും കൊടുത്ത് ബീരാനിക്കയുടെ കടയിൽ നിന്നും അയാൾ ഇറങ്ങി.
അടിവശം ഓട്ട വീണ ചെരുപ്പ് റോഡിൽ നിന്നും വയൽവരമ്പത്ത് നിന്നു. കുറുക്കൻമാർ വയലിൽ അയാളെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. അയാളുടെ ചങ്കൊന്നു പിടച്ചു. ഒരല്പം പേടി തോന്നിയ അയാൾ പതുക്കെ മുൻപോട്ട് നടന്നു. കുറുക്കൻമാർ അയാളുടെ അരികിലേക്ക് ഓടിവന്നു. എല്ലാം കൂടി ഒരൊറ്റ കുതിപ്പിന് അയാളുടെ കൈയ്യിലുണ്ടായിരുന്ന കോഴിയിറച്ചിപൊതി കടിച്ചെടുത്ത് ദൂരേക്കോടി മറഞ്ഞു.
“എൻ്റെ കോഴിപരദൈവങ്ങളെ “
അയാൾ അറിയാതെ വിളിച്ചു.
ഇന്നവൾ തന്നെ തന്തൂരി ആക്കിയതു തന്നെയെന്ന് അയാൾ വിചാരിച്ചു. തലയും താഴ്ത്തി വിഷണ്ണനായി അയാൾ വീട്ടിലേക്കുള്ള ഇടവഴിയിൽ കയറി.ഇടവഴിയിൽ നിന്നും വീടിൻ്റെ മുൻപിലെത്തിയ അയാൾ നിന്നു. കണ്ണു തിരുമ്മി നോക്കി. ചക്കി വീടിൻ്റെ വാതിൽക്കൽ നിൽക്കുന്നു. ചക്കിയുടെ രണ്ട് വശങ്ങളിലും ചുവപ്പും കറുപ്പും മഞ്ഞയും നിറങ്ങളോടു കൂടിയ വലിയ ചിറകുകൾ. മുഖത്ത് വലിയ മഞ്ഞകൊക്ക്. തലയിൽ രക്തനിറത്തിലുള്ള പൂവ്. കാലിൽ മൂർച്ചയുള്ള കത്തിയും.
രാമൻകുട്ടിയുടെ കാലുകൾ വിറച്ചു. മുഷിഞ്ഞ ദുർഗന്ധം വമിക്കുന്ന ഷർട്ട് വിയർപ്പിൽ കുളിച്ചു.
അയാൾ മുറ്റത്തെത്തി.
ചക്കി കണ്ണുകളിൽ തീയുമായി ഒരറ്റകുതിപ്പിന് അയാളുടെ മേൽ ചാടി വീണു. ചക്കിയുടെ ഭാരം താങ്ങാനാവാതെ അയാൾ താഴെ വീണു. ചക്കിയുടെ കാലിൽകെട്ടിയിരുന്ന കത്തി അയാളുടെ നെഞ്ചിൻ തട്ടി മുറിഞ്ഞ് ചോര പുറത്തേക്ക് തെറിച്ചു. അയാളെ ചക്കി കൊക്കുകൾ കൊണ്ട് ആഞ്ഞാഞ്ഞ് കൊത്തി. അയാൾക്ക് തൻ്റെ ജീവൻ പോകുന്നത് പോലെ തോന്നി. ഒടുവിലയാൾ ദയനീയമായി ആർത്തുവിളിച്ചു. ” ചക്കീ, എന്നെ കൊത്തികൊല്ലല്ലെ.”
“പ്ഫാ. അലറാതെ മനുഷ്യാ. കെടന്നൊറങ്ങാനും സമ്മതിക്കില്ലെ?” ചക്കിയുടെ അട്ടൽ രാമൻകുട്ടിയുടെ കാതുകളിൽ തുളച്ചിറങ്ങി.
അയാൾ ഞെട്ടിപിടഞ്ഞ് കണ്ണ് തുറന്ന് നോക്കി. എങ്ങും ഇരുട്ട് മാത്രം. മുഖത്ത് വന്ന ജാള്യത ഇരുട്ടിൽ ചക്കി കണ്ടില്ലല്ലോ എന്നുള്ള ആശ്വാസത്തിൽ ഉടുത്തിരുന്ന മുഷിഞ്ഞ മുണ്ടഴിച്ച് മെലിഞ്ഞ ശരീരത്തെ പുതച്ചിട്ട് അന്തിക്കാട്ടെ കാളിയമ്മൻ കോവിലിലെ കോഴിപ്പോരിനേയും കുറിച്ചോർത്ത് കൊണ്ട് ചുരുണ്ടുകൂടി കിടന്നു.


FacebookWhatsApp