മനനാട്

രാജേഷ് കുമാർ കെ.എൻ

സ്പന്ദിക്കും ഹൃദയത്തിന്നറകളുമായ്
എൻ മനനാടെന്നെ മാടി വിളിക്കുന്നു.
പിരിഞ്ഞിരിക്കാൻ വയ്യെനിക്കൊട്ടുമേ
അത്രമേൽ സ്നേഹിച്ചിടുന്നു – ഞാനെപ്പൊഴും.

സസ്യശ്യാമ കേരകേദാരമായ് വിളങ്ങി
മനകളും മലകളും മലരണിക്കാടുകളും
തുമ്പതൻ തുളസിതൻ നൈർമ്മല്യവും പേറി
ഭംഗിയേറിനിൽക്കുമെൻ സുന്ദരീ കേരളം.

ഉണർത്തുപാട്ടായ് തൊട്ടുണർത്തുന്നു
ആത്മാവിൻ പുസ്തകത്താളിതിൽ
ചിരകാല സുന്ദര സ്വപ്നങ്ങൾ മേൽക്കുമേൽ –
ഹരിതാഭമായി പടരുന്നു മനമിതിൽ.

ഇവിടെത്തളിർക്കുമീയോരോ തരുക്കളും
ഗിരിനിരകളരുവികൾ കല്ലുകൾ പൂവുകൾ
മനനാടാം കൈരളിക്കേ – കുന്നസംഖ്യമായ്
ആത്മാവിനുള്ളിലെ സ്നേഹത്തിൻ ഗാഥകൾ.


FacebookWhatsApp