മരിച്ചവരെ മറന്നുപോകും !
എന്നാൽ, മരിച്ചവർ ഇടയ്ക്ക് മനസ്സിലേക്കൊരു വരവുണ്ട്
അപ്പോൾ വിങ്ങുന്ന ഹൃദയം തുടിക്കുന്നത് സ്വയം കേൾക്കാം
എന്നും സ്വന്തം നിഴലായ് നിന്നയാൾ
അത് താൻ തന്നെയാണെന്ന് തിരിച്ചറിയും !
എല്ലാം മറക്കാൻ ഇല്ലാത്ത ജോലി ഉണ്ടാക്കി
ചെയ്യും തളരുന്നതുവരെ
മങ്ങിത്തുടങ്ങിയ പഴയ ചിത്രം പോലെ
പിന്നെ ഓർമ്മകൾ മങ്ങിത്തുടങ്ങും
കാവ്യാത്മകമായ ഒരു തോന്നൽ ആത്മാവിലേ –
ക്കിരച്ചു കയറും
ജീവൻ്റെ ഓരോ അടരുകളിലും
ഞാനെന്നെ തുന്നിച്ചേർക്കാൻ ശ്രമിച്ചുകൊണ്ടി- രിക്കും
വെളിച്ചത്തിൻ്റെ കടലിലിരുന്ന് തിരമാലകളെ –
സ്വപ്നം കാണും
മറവി മനുഷ്യന് വരമായിക്കിട്ടിയത്
മരിച്ചവരെ മറക്കാനായിരിക്കണം !
പക്ഷേ;
മരിച്ചാലും മറക്കാൻ കഴിയില്ല മരിച്ചവരെ.