കഥ
കഥയില്ലാത്ത മനുഷ്യൻ
അതിരാവിലെ ഭാര്യ പറഞ്ഞ വീട്ടാവശ്യങ്ങൾ കേട്ടു കേട്ടില്ല കണക്കെ ഞാൻ നടന്നു. അപ്പോളാണ് ഞാനോർത്തത് മത്സരത്തിനയക്കാൻ ഒരു കഥ വേണം.
“കഥ അന്വേഷിച്ച് ഞാൻ നടന്നു. ഒരു ഭ്രാന്തനെ പോലെ. കഥ തേടി തേടി ഞാനലഞ്ഞു. പാടി പാടി ഞാൻ തിരഞ്ഞു. ആ പാട്ട് ഓർമ്മയിലെത്തി. കഥക്ക് വേണ്ടി മറ്റെല്ലാം ഉപേക്ഷിച്ച് ഞാൻ നടന്നു. കഥയും കവിതയും എഴുതിയിരുന്ന, പല ലൈബ്രേറിയനും ഭാരവാഹിയും, പത്രവിതരണക്കാരനുമായിരുന്ന പാർട്ടിയുടെ സജീവ പ്രവർത്തകനും ഭാര്യയും രണ്ട് പെൺമക്കളുമുള്ള അൻപത് വയസാകുന്നതിന് മുൻപ് ഈ ലോകം വിട്ട് പോയ സൗമ്യനും മിതഭാഷിയുമായിരുന്ന സി. എം ബക്കറിന്റെ പേരിലുള്ള പതിനൊന്നാമത് കഥാരചന മത്സരത്തിന് അയക്കാൻ വേണ്ടിയാണ് ഈ അന്വേഷണം.
കഥാകാരൻ എന്ന പേര് ഉള്ളതിനാൽ നാട്ടിൽ നടക്കുന്ന ഈ മത്സരത്തിൽ കഥ അയച്ചില്ലെങ്കിൽ എന്റെ കള്ളം നാട്ടുകാരറിയും. സ്കൂൾ പഠനം കഴിഞ്ഞ് നിൽക്കുന്ന സമയത്ത്, ദിവസവും വെളുപ്പിന് നാല് മണിക്ക് പത്രവിതരണത്തിന് എന്നെ കൊണ്ട് പോയിരുന്ന ബക്കറിന്റെ ഓർമ്മ ഉണർത്താനെങ്കിലും കഥ എഴുതിയെ പറ്റു.
ബക്കറിന്റെ ഏറ്റവും അടുത്ത സുഹൃത്തായ മലയാളം ബി. എ.കാരനായ സർക്കാർ ജോലി വേണ്ടെന്ന് വച്ച് പ്രൈവറ്റ് ട്യൂഷനെടുത്ത് ജീവിക്കുന്ന ലൈബ്രറി പ്രവർത്തകനായ ബി.കെ. രാജൻ. അന്ന് മുതൽ ഞങ്ങൾ മൂന്ന് പേരും സുഹൃത്തുക്കളാണ്. അതാണ് കഥ എഴുതേണ്ടതിന്റെ പ്രധാന കാര്യവും. കഥയില്ലായ്മയാണ് എന്റെ പ്രശ്നം. ഇനിയും കഥ തേടി നടക്കും. എനിക്ക് കഥ എഴുതണം. ആരും പറയാത്ത, എഴുതാത്ത, നല്ല ഭംഗിയുള്ള, ലളിതമായ, രസകരമായ കഥ, കാവ്യഭാവനകളില്ലാത്ത മഞ്ജുള ഭാഷിണിയില്ലാത്ത കഥ എഴുതിയിട്ട് കാര്യമില്ല. കാവ്യയും ഭാവനയും മഞ്ജുവും കഥയല്ലാത്ത ജീവിതമാണ്. മണ്ണിന്റെ മണമുള്ള, ചോര പൊടിയാത്ത, ചതിയില്ലാത്ത, വഞ്ചനയില്ലാത്ത കഥ. ഭാര്യയും രണ്ട് മക്കളുമുള്ള ഞാൻ കഥക്ക് വേണ്ടി അലഞ്ഞു.
ആരോടെങ്കിലും ചോദിച്ചാൽ കിട്ടുന്ന സാധനമാണോ ഈ കഥ. അങ്ങന്നെയായിരുന്നെങ്കിൽ കോടിശ്വരനായ, നാട്ടിൽ വാങ്ങാവുന്നത്ര വീടും സ്ഥലവും വാങ്ങി കൂട്ടുന്ന “മമ്മട്ടി ഹാജി ” എന്ന് അയാൾ കേൾക്കാതെ നാട്ടുകാർ വിളിക്കുന്ന മമ്മട്ടിയുടെ സ്വഭാവമുള്ള, വർഷാവർഷം ഹജ്ജ് ചെയ്യുന്ന കരീം ഹാജിയോട് പൈസ കൊടുത്താണെങ്കിലും മേടിക്കാമായിരുന്നു.
മരിച്ചു പോയ തന്റെ ജേഷ്ടന്റെ മകളുടെ വിവാഹത്തിന് ഇരുപത്തയ്യായിരം രൂപ ദാനം ചെയ്ത്, തന്റെ പത്താമത്തെ ഹജ്ജിന് നാല് ലക്ഷം രൂപ കൊടുത്ത് സീറ്റ് ബുക്ക് ചെയ്യാനിറങ്ങിയ കരീം ഹാജിയുടെ കഥ വെണോ? വേണ്ട അതിന്റെ പേരിൽ സമുദായത്തിൽ നിന്നുള്ള പുറത്താക്കലുണ്ടായാലോ, സമുദായം ഒന്നടങ്കം പൗരന്മാരല്ലാതാകുന്ന പുതിയ നിയമം പ്രാബല്യത്തിലായതിന്റെ കഥ എഴുതിയാൽ ഒരു “ജാതി ” കഥയും എന്നതിനാൽ അതും ഉപേക്ഷിച്ചും.
ഞായറാഴ്ചകളിലെ കുമ്പസാരം കൊണ്ട് പാപങ്ങൾ കഴുകി കളഞ്ഞ് അടുത്ത കുമ്പസാര ദിനം കാത്തിരിക്കുന്ന അറുപിശുക്കനായ പലിശക്കാരൻ തൊമ്മിയോട്, എന്റെ വീട് പണയം വച്ചെങ്കിലും കഥ വാങ്ങാമായിരുന്നു.
മക്കളെ വീട്ടിൽ നിന്നും ഇറക്കിവിട്ട് ചെറുപ്പക്കാരിയായ ഭാര്യയുടെ ചെപ്പടിക്ക് നിന്ന് എല്ലാം നഷ്ടപ്പെട്ട, ദിവസവും ശത്രുസംഹാര പൂജ നടത്തി പുറത്താക്കിയ മകനോട് കൂടെ താമസിക്കുന്ന കടപ്പ സുരേഷിനോട് ചോദിച്ചാൽ കഥ കിട്ടും എന്നാരോ പറഞ്ഞു. അല്ല കൂലി പണി ചെയ്ത് വീട് പുലർത്താൻ നെട്ടോട്ടമോടുന്ന, കടപ്പ സുരേഷിന്റെ തന്നെ മകനാണ് പറഞ്ഞത്. ഇതൊന്നും ഒരു കഥയല്ലാത്തത് കൊണ്ട്, ഞാൻ അങ്ങനെ വീണ്ടും കഥ അന്വേഷിച്ച് നടന്നു.
“ഹിമുക്രി” കൂട്ടായ്മയെ തകർക്കാൻ ഞാനില്ല (ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ) വർഗീയത ഇല്ലാത്ത കഥ കിട്ടാൻ ഞാനലഞ്ഞു. തൊഴിലിന് കാത്ത് കടത്തിണ്ണകളിരിക്കുന്ന തമിഴന്മാരും, പണിക്ക് പോകാതെ ഭാര്യയെ ഭീഷണിപ്പെടുത്തി വാങ്ങിയ പണം കൊണ്ട് കുടിച്ച് തലേ ദിവസത്തെ കേട്ട് മാറാതെ കിടക്കുന്ന നാട്ടുകാരായ ചിലരും. രാവിലെ നടത്തവും കഴിഞ്ഞ് വരുന്ന കുടവയറന്മാരായ തടിയന്മാരും തടിച്ചികളും. ഹിന്ദിയിൽ എന്തൊക്കെയോ പരസ്പരം സംസാരിച്ച് ചെവികളിൽ ഇയർഫോണും ഫിറ്റ് കയ്യിൽ മൊബൈലുമായി നടന്ന് പോകുന്ന കഴുകാത്ത ചുളുങ്ങിയ പഴകിയ പാന്റും ഷർട്ടും ധരിച്ച മെലിഞ്ഞ അന്യസംസഥാന തൊഴിലാളികളും .
ഇവരുടെ കയ്യിലുണ്ടാകുമോ കഥ.
ദേശീയ ഭാഷയായ ഹിന്ദിക്ക് ഇത്ര പ്രധാന്യം വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ പണ്ടേ നന്നായി പഠിക്കാമായിരുന്നു.
ബൈക്കുമെടുത്ത് പല സ്ഥലത്തും പോയി. കഥ കണ്ടില്ല. കഥ കിട്ടിയില്ല. കിട്ടിയത് കഥയുമായില്ല.
തലങ്ങും വിലങ്ങും ഫുഡ് ഡെലിവറി ബോയ്സിന്റെ മരണപ്പാച്ചിൽ. വീട്ടിലുണ്ടാക്കി കഴിക്കുന്ന ഭക്ഷണം എന്നത് ഔട്ട് ഓഫ് ഫാഷൻ ഈ കാലത്ത്, പ്രാതൽ കഴിച്ച് ഓഫീസിലെത്താൻ ഭക്ഷണവും പ്രതീക്ഷിച്ച് വീടിനു മുന്നിൽ കാത്ത് നിൽക്കുന്ന ന്യൂജൻ അമ്മമാർക്ക് എത്തിക്കാനുള്ള തിരക്കാണ്. അതൊരു കഥയാക്കിയാലോ, ഭക്ഷണ പ്രിയരായ മലയാളികൾ വയറിൽ കൊള്ളുന്നതിൽ കൂടുതൽ കഴിച്ച് അതിനേക്കാൾ കൂടുതൽ വേസ്റ്റാക്കി, ആരോഗ്യ സംരക്ഷണത്തിനായി ലക്ഷക്കണക്കിന് രൂപ മുടക്കി യന്ത്രങ്ങൾ വാങ്ങി ഉപയോഗിക്കുകയും അതിരാവിലെ നടക്കാനും സമയം കണ്ടെത്തുന്നു. ഇതും വേണമെങ്കിൽ കഥയാക്കാം.
കഥ പറഞ്ഞ് തന്നിരുന്ന അമ്മൂമ്മമാർ അന്യം നിന്ന് പോയതിനാൽ ആ വഴിക്കും കഥ കിട്ടില്ല.ശിവനും പാർവതിയും പ്രണയസല്ലാപങ്ങൾക്കിടയിൽ തന്റെ പ്രാണനാഥനോട്, ലോകത്ത് ഇന്നേ വരെ ആരും കേൾക്കാത്തതും, പറയാത്തതുമായ കഥ പറയാൻ ആവശ്യപ്പെട്ടപ്പോൾ, എന്നെ പോലെ കഥ അന്വേഷിച്ച് നടക്കേണ്ട ഗതികേടൊന്നും, ചിലരുടെ ദൈവമായ ശിവന് ഉണ്ടാവില്ല.
അതാണ് ലോകത്തിലെ കഥയുടെ തുടക്കമെന്ന് ഇ. പി ശ്രീകുമാർ പറഞ്ഞതോർത്തു. തപസ്സ് ചെയ്താൽ കിട്ടുമായിരുന്നെങ്കിൽ ആ വഴിക്ക് ശ്രമിക്കാമായിരുന്നു. ഇന്നാർക്കും അങ്ങനെയുള്ള ക്ഷമയൊന്നും ഇല്ലാത്തതിനാലാണോ എന്തോ തപസ്സ് ഞാൻ കണ്ടിട്ടില്. തലയണമന്ത്രത്തിന്റെ ശക്തി അന്നത്തെ പോലെ തന്നെയാണ് ഇന്നും. അതിനൊരു മാറ്റം വന്നിട്ടില്ല. വരുകയുമില്ല. അക്കാര്യത്തിൽ മനുഷ്യനും ദൈവവും തുല്യരാണ്.
ഒരു വാടക സൈക്കിളുമായി കഥ അന്വേഷിച്ച് നടന്നു.പണ്ട് മുട്ടിന് മുട്ടിന് സൈക്കിൾ ഷാപ്പുണ്ടായിരുന്നു സ്ഥാനത്ത് ഇപ്പോൾ അപൂർവ്വമായേ കാണാറുള്ളു. ഇന്നേ വരെ ഉപയോഗിക്കാത്ത പുതിയ മോഡൽ സൈക്കിളുകൾ ഇപ്പോഴും ആളുകളെ പ്രതീക്ഷിച്ച് മെട്രോ സ്റ്റേഷനുകളിലിരിപ്പുണ്ട്.
ബൈക്കുകളേക്കാൾ കൂടുതൽ ഒരാൾ മാത്രം യാത്ര ചെയ്യുന്ന കാറുകളാണ് നിരത്തുകളിൽ.
ബസ്സുകൾ തുടരെ തുടരെ ഹോൺ മുഴക്കി സ്റ്റോപ്പുകളിൽ നിർത്തി നിർത്തിയില്ല കണക്കെ ആളുകളെ പേടിപ്പിച്ച് വളഞ്ഞും പുളഞ്ഞും നിരത്തുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പായുന്നത് കാണാം.
ട്രാൻസ്പോർട്ട് ബസ് പ്രൈവറ്റ് ബസ്സിന്റെ മുന്നിലായി ബസ് സ്റ്റോപ്പിനകലെ നിർത്താറുള്ളു. നിങ്ങൾ വേണമെങ്കിൽ കയറിയാമതി എന്ന ഭാവം. ബസിൽ അതിനാൽ ഒരു തിരക്കുമില്ല ഒന്നോ രണ്ടോ യാത്രക്കാർ മാത്രം.പി.യു. ചിത്രയെ പോലെ ഓടി എത്താൻ കഴിയുന്ന ചിലർക് മാത്രം കയറാൻ പറ്റും. ഓടി എത്തുമ്പോഴേക്കും ബസ് വിടും. പ്രൈവറ്റ് ബസ്സുകൾക്ക് കളക്ഷൻ ഉണ്ടാക്കാൻ ട്രാൻസ്പോർട്ടുകാർ മനപൂർവ്വം ചെയ്യുന്നത് പോലെയാണ്. ഇത്രയും കണ്ടിട്ടും കഥ മാത്രം കിട്ടിയില്ല. ബസിൽ കയറിയാൽ കഥയുടെ ത്രെഡ് കിട്ടുമെന്ന് കരുതി. ടിക്കറ്റ് എടുക്കാൻ ഇരുപത്തിന്റെ നോട്ട് നൽകി ” അഞ്ച് രൂപ തരു ” കണ്ടക്റ്ററുടെ ചോദ്യം. ഇല്ലന്ന് തലയാട്ടി. അയാൾ ദേഷ്യത്തോടെ ബാക്കി അഞ്ച് രൂപയും ടിക്കറ്റും തന്നു .എത്ര ചെറിയ നോട്ടുകൾ നൽകിയാലും ഒരു രൂപയോ രണ്ട് രൂപയോ ഉണ്ടൊന്നുള്ള ചോദ്യം ചോദിക്കാത്ത ഒരു കോണ്ടക്റ്ററും ഈ ഭൂമി മലയാളത്തിൽ ഉണ്ടാവില്ല. ഇംഗ്ലീഷിലുണ്ടോന്നറിയില്ല. അവർക്ക് അത് ശീലമായി പോയി, നല്ല തിരക്ക്. കമ്പിയിൽ തൂങ്ങി നിൽക്കുന്നതിനിടയിൽ മുൻവശത്ത് നിന്ന് ഒരു യുവതി പിറകിൽ നിന്നയാളെ വഴക്ക് പറയുന്നു. അയാൾ ഒന്നും മിണ്ടാതെ പിറകിലേക്ക് മാറി നിന്നു. അയാളെ രുക്ഷമായി നോക്കിയ യുവതി മറ്റ് വിഷയത്തിലേക്ക് കടന്നില്ല.
ഞാനൊന്ന് ശബ്ദമുണ്ടാക്കാൻ നോക്കി എല്ലാവരും എന്നെ ഒന്ന് നോക്കിയതല്ലാതെ ആരും പ്രതികരിച്ചില്ല. അത് കാരണം പോലീസ് സ്റ്റേഷൻ യാത്ര ഒഴിവായി. ആ വിധത്തിൽ കിട്ടുമായിരുന്ന കഥയും ഇല്ലാതായി. സ്ത്രീകളുടെ സീറ്റിൽ ഇരുന്ന് യാത്ര ചെയ്ത യുവാവിനെ ഒരു പെൺകുട്ടി എഴുനേൽപ്പിച്ച് അവിടെ പ്രായമായ സ്ത്രീയെ ഇരുത്തി.
ഇതിൽ കഥ ഉണ്ടോ ആവോ? കറുത്ത പർദ്ദ ധരിച്ച ഒരു സ്ത്രീ മുഖാവരണം ഇട്ടിരിക്കുന്നതിനാൽ ആരാണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. കൂടെ സോറ പറഞ്ഞിരിക്കുന്ന പ്രായമായ ഒരമ്മ അമ്പലത്തിൽ പോയി വരുന്നത് പോലെ തോന്നും. അവർക്കൊന്നും ജാതി-മത ചിന്തകളില്ല. ഒരു എരിവും പുളിയുമില്ലാത്ത അത്തരം കഥയും വേണ്ടെന്ന് തീരുമാനിച്ചു.
കഥ അത്യാവശ്യമാണ്. വായനക്കാരന് രസിക്കുന്ന ഇഷ്ടപ്പെടുന്ന കഥ വേണം. വീണ്ടും അന്വേഷിച്ചു നടന്നു. പാർക്കിൽ ഇരുന്ന് ചെസ് കളിക്കുന്ന വയസായ അപ്പൂപ്പനും ചെറിയ കുട്ടിയും അതിനെ കുറിച്ച് കഥയെഴുതിയലോ എന്നാലോചിച്ചു. ബുദ്ധിയില്ലാത്ത ഞാൻ ബുദ്ധിമാന്മാരുടെ കളിയെ കുറിച്ച് എഴുതുന്നത് മണ്ടത്തരമാകുമോ എന്നതിനാൽ അതും ഉപേക്ഷിച്ചു. പ്രണയകഥ എഴുതാമെന്ന് വച്ചാൽ പെൺകുട്ടികളെ വെട്ടിയും കുത്തിയും പെട്രോളൊഴിച്ചും കഴുത്ത് ഞെരിച്ചും കൊല്ലുന്ന കഥ എഴുതേണ്ടന്ന് തന്നെ തീരുമാനിച്ചു. സ്കൂൾ ടീച്ചേഴ്സിനെ കുറിച്ച് എഴുതാൻ തന്നെ തീരുമാനിച്ചു. ഇന്നത്തെ പത്രം വായിച്ചിട്ട് തുടങ്ങാം.നൂറ് ശതമാനം വിജയത്തിന് വേണ്ടി പഠനത്തിൽ മോശമായ വിദ്യാർത്ഥികളെ ജയിപ്പിക്കാൻ കുട്ടികൾ അറിയാതെ അവരുടെ പേപ്പറുകൾ എഴുതിയ മൂന്ന് അദ്ധ്യാപകരെ സസ്പെന്റ് ചെയ്തത് വായിച്ചപ്പോൾ അക്കഥയും വേണ്ടെന്ന് വച്ചു. സ്ത്രീകളെ കുറിച്ച് എഴുതണ്ടന്ന് തീരുമാനിച്ചു. തന്റെ’അമിത ലൈംഗീകതക്ക് വേണ്ടി സ്വന്തം കുട്ടിയെയും ഭർത്താവിനെയും കൊല്ലാൻ കൂട്ട് നിന്ന കഥ എഴുതി നല്ലവരായ സ്ത്രീകൾ ഇത് അനുകരിച്ചാലോന്ന് പേടിച്ച് അതും ഉപേക്ഷിച്ചു. “ജോളി “യായി നടക്കാൻ സ്ത്രീകൾ തീരുമാനിച്ചാലോ എന്നതാ കാരണം.
ഭാര്യയെ ഉറക്കി കിടത്തി വേലക്കാരിക്ക് ഗർഭം ഉണ്ടാക്കിയ പുരുഷന്മാരെയും, തന്റെ ശിഷ്യയെ പ്രാപിക്കാൻ ശ്രമിച്ച് ലിംഗം പോയ സാമിയും, കന്യാസ്ത്രീകളെയും കുട്ടികളെയും തന്റെ ലൈംഗീക ആവശ്യത്തിനുപയോഗിക്കുന്ന ചിലപതിരിമാരും, തന്റെ അഞ്ചാമത്തെ മകളുടെ പ്രായമുള്ള വിദ്യാർത്ഥിനിയെ പർദ്ദ ഉടുപ്പിച്ച് കാട്ടിൽ കൊണ്ട് പോയി കാറിൽ വച്ച് പീഡിപ്പിച്ച യുവ മത പ്രഭാഷകനെ എഴുതി, മറ്റ് പുരുഷന്മാരെയും വഴി തെറ്റിച്ചലോ എന്നത് കൊണ്ട് അത്തരം കഥയും വേണ്ടെന്ന് വച്ചു.
കഥ കിട്ടാതെ അലഞ്ഞ ഞാൻ തിരിച്ച് മെട്രോ ട്രെയിനിൽ കയറി. ഈ ചൂട് കാലത്ത് അതൊരാശ്വാസമായി ഏറെ നേരം കഴിഞ്ഞാണ് ശരിരത്തിന് തണുപ്പ് അനുഭവപ്പെട്ടത്. കുടുംബങ്ങളും കൂട്ടുകാരും സെൽഫി എടുക്കുന്ന തിരക്കിലാണ്. ഓടിയൊളിക്കുന്ന വലിയ വലിയ കെട്ടിടങ്ങൾ. അതിനിടയിൽ പുട്ടിന് തേങ്ങയിടുന്ന പോലെ മരങ്ങളും ഓടി മാറുന്നു. പുറം കാഴ്ചകൾ കാണാൻ ആർക്കും താൽപര്യമില്ല.
എല്ലാവർഷവും ജൂൺ അഞ്ചിന് കഴിഞ്ഞ തവണ നട്ട മരത്തിന്റെ പൊടിപോലുമില്ലാത്ത സ്ഥലത്ത് തന്നെ മരം വച്ച് ഉൽഘാടനം ചെയ്യുന്ന അത്ഭുത പ്രതിഭാസത്തെ കുറിച്ച് കഥ എഴുതിയാലോ എന്ന് വിചാരിച്ചു.
വിമാനത്തിൽ പല പ്രാവിശ്യം പോയതിനെ കുറിച്ച് ഓർത്ത് നോക്കി അവിടെ എവിടെയെങ്കിലും കഥയുടെ ത്രെഡ് കിടപ്പുണ്ടോന്നറിയാൻ അതും വിഫലം. ഇനി കപ്പലിലും റോക്കറ്റിലും കുടി കയറി നോക്കണം. കടലിൽ പോയാൽ കപ്പലിടിച്ച് മരിച്ച മത്സ്യതൊഴിലാളികളുടെ കരളലിയിക്കുന്ന കഥയായലോ എന്നും ചിന്തിച്ചു.
കഥകളുടെ രാജാക്കന്മാരുടെ പത്രസ്ഥാപനത്തിന്റെ സാഹിത്യ സദസിൽ എം. മുകുന്ദൻ സംസാരിക്കുന്നു. ടി. പത്മനാഭനെ, എം ടി ആദരിക്കുന്ന ചടങ്ങ്. അവിടേക്ക് ചെന്ന് ഇഷ്ട്ടപെട്ട എഴുത്തുകാരെ കണ്ടപ്പോൾ ചില ഓർമ്മകൾ തികട്ടി വന്നു. പ്രശസ്ത വരികയിലേക്ക് ലക്ഷകണക്കിന് രൂപ സമ്മാനം നൽകും എന്ന് വിളംബരം ചെയ്ത കഥാ മത്സരത്തിൽ ലഭിച്ച രണ്ടായിരത്തിൽപരം കഥകളിൽ ഒന്ന് പോലും സമ്മാനത്തിനർഹമായതില്ലന്ന് പറഞ്ഞ് മത്സരം പിൻവലിച്ചു. ഇവരും കഥകൾ എഴുതിയാണ് ജൂറിമാരായത് എന്നുള്ള ചില യുവ കഥാകൃത്തുക്കളുടെ പ്രതിഷേധം ഓർമ്മയിലെത്തി. അത്തരം കഥ എഴുതി ഭാവിയിൽ എന്റെ കഥയെങ്ങാനും പ്രസിദ്ധീകരിക്കാത്തിരുന്നലോ, വിവാദ വാക്കുകൾ കൊണ്ട് പ്രസ്തമായ “മീശ”യും വിളിപ്പിന്റെ കഥയായ “ബിരിയാണി”യും കമ്പോട് കമ്പ് തിന്നു. എന്നിട്ടും കഥ ഇല്ല.
നാട്ടുകാരുടെ പണം കൊണ്ട് ഓസിൽ “സരിത”ബസിൽ യാത്ര ചെയ്ത രാഷ്ട്രീയരാഷ്ട്രീയക്കാരെ പറ്റി എഴുതണോ, പാലാരിവട്ടത്തെ പഞ്ചവടി പാലത്തെ കുറിച്ചുള്ള കഥ പറയണോ. വെറ്റില പാലവും കുണ്ടന്നൂർ പാലവും എന്ന് തീരും എന്ന ചിന്തയിൽ ഉറക്കം നഷ്ടപ്പെട്ട യാത്രക്കാരുടെ കഥയായാലോ ഒരെത്തും പിടിയും കിട്ടിയില്ല.
ഫ്ലാറ്റ് പണിത് തീരദേശ നിയമം കൊണ്ട് ഫ്ലാറ്റായി തീർന്ന കഥ എഴുതാൻ ഏറെയുണ്ട് പുതിയ നിയമം കൊണ്ട് ഇനിയും ഫ്ലാറ്റ് പണിയാം എന്നതിനാൽ ഇനിയും പണിതിട്ട് പൊളിക്കുവാൻ പോകുന്ന കഥ വേണോ. അന്ന് വാങ്ങിയ കൈക്കൂലി പണത്തിനിരട്ടി ഇന്ന് വാങ്ങാം എന്ന് വിചാരിച്ച് സന്തോഷിക്കുന്നവരുടെ കഥ വേണോ ശത്രുക്കളുടെ എണ്ണം കൂട്ടണ്ടതിനാൽ ആ കഥയും ഫ്ലാറ്റായി. പഠിച്ച് പാസായ വിദ്യാർത്ഥികളുടെ റിസൾട്ട് വന്നു. പഠിക്കാത്തവരുടെ ഇലക്ഷൻ റിസൾട്ട് വന്നപ്പോൾ, ഇന്ത്യക്കാരിൽ അല്ല ഭാരതീയരിൽ ചിലർ പാക്കിസ്ഥാനിലേക്കോ, ഇറ്റലിയിലേക്കോ, ചൈനയിലേക്കോ പോകാനുള്ള ഒരുക്കത്തിന്റെ കഥ പറയണോ അതോ പണ്ട് കാലത്ത് താപസന്മാരും മഹർഷിമാരും കഴിച്ചിരുന്ന തരത്തിലുള്ള മാംസങ്ങൾ ഇന്ന് കഴിച്ചാൽ ജീവൻ നഷ്ടപ്പെടുന്ന അന്യസംസഥാനക്കാരന്റെ കരളലിയിക്കുന്ന കഥ എഴുതിയാലോ എന്ന് ചിന്തിച്ച് ഒരു കിലോ ബീഫും വാങ്ങി അടുക്കളകരിപുരണ്ട ഭാര്യയെ കുറിച്ചെഴുതാൻ തീരുമാനിച്ച് വീട്ടിലെത്തി. കഥ തേടി ക്ഷീണിച്ച ഞാൻ വീട്ടിൽ വന്ന് കയറിയപ്പോൾ ഭാര്യ.
“കഥയില്ലാത്ത ഒരു മനുഷ്യൻ” ഇവൾക്ക് ഇത് എങ്ങിനെ മനസിലായി. ഞാൻ കഥ അന്വേഷിച്ച് നടക്കുകയാണെന്ന്.
കഥ തേടുന്ന തിരക്കിനിടയിൽ രാവിലെ അവൾ പറഞ്ഞ സാധങ്ങൾ വാങ്ങാത്തത്തിന്റെയാണ് ഈ മുറുമുറുപ്പ്. അങ്ങന്നെ ഞാൻ കഥയില്ലാത്തവനായി.
ഇത് ഷെയർ ചെയ്യൂ:


