വയൽ

രാജേഷ് കുമാർ കെ.എൻ

വറ്റിവരണ്ടൊരാ നെഞ്ചകം ചൊല്ലുന്നു
ഗതകാലചിത്രത്തിൻ തേക്കുപാട്ട്.
ആനന്ദചിത്തരാം ആബാലവൃദ്ധർ തൻ
നേർത്ത സ്വപ്നങ്ങൾ തൻ ചിന്തുപാട്ട്.

പുഞ്ചവിരിപ്പുവിളകൾ വളർന്നൊരാ
നല്ല കാലത്തിൻ്റെ ബാക്കിപത്രം.
ഇന്നും കൊതിക്കുന്നു ഉൾത്തടസീമയിൽ
പൊയ്പോയ ഗരിമതൻ തേരിലേറാൻ.

കന്നുകൾ പൂട്ടിയ ചേറിൻ തടങ്ങളും,
ജീവൻ തുടിപ്പുമായ് പായും തെളിമയും,
പാടവരമ്പുകൾ കോതിയൊരുക്കിയാ-
ഞാറുമായ് നീങ്ങുന്ന ഗ്രാമ്യമാം ചന്തവും.

മാരുതകരങ്ങളാൽ ഇളകിയാടുന്നൊരാ-
സ്വർണ്ണവർണ്ണം തൂകും നെൽകതിർ കൂട്ടങ്ങൾ.
കൊയ്ത്തുപാട്ടും പിന്നെ കറ്റമെതിയുമായ്
എന്തെന്തു ചേഷ്ട തൻ സാക്ഷ്യം,വിളനിലം.

മേടമിടവം പലതും കടന്നു പോയ്
നന്മകൾ ചോർന്നു പോയ് നാട്ടിൻപുറങ്ങളിൽ.
ഉച്ചിയിൽ കത്തുന്ന സൂര്യനോ സാക്ഷിയായ്,
ഇന്നും കൊതിക്കുന്നാ നല്ല കാലത്തിന്നായ്.


FacebookWhatsApp